കൊല്ലം: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് കാമറകള്‍ വാടകയ്ക്ക് എടുത്ത് മുങ്ങുന്ന യുവാവ് കൊല്ലത്ത് പിടിയിലായി.ഇടുക്കി വാഴവര സ്വദേശി ആനന്ദ് സുരേന്ദ്രനെ പരാതിക്കാര്‍ പിടികൂടി പുനലൂര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. വിവിധ ആളുകളില്‍ നിന്നായി ലക്ഷങ്ങള്‍ വില വരുന്ന പത്തിലധികം കാമറകള്‍ ഇയാള്‍ തട്ടിയെടുത്തതായി പരാതിക്കാര്‍ പറഞ്ഞു. വിലപിടിപ്പുള്ള കാമറകള്‍ വാടകയക്ക് എടുത്ത് മുങ്ങുകയായിരുന്നു ആനന്ദിന്റെ തട്ടിപ്പിന്റെ രീതി. കാമറ വാടകയ്ക്ക് എടുക്കാനായി ഇയാള്‍ നല്‍കിയിരുന്ന തിരിച്ചറിയല്‍ കാര്‍ഡാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ഇടുക്കി വാഴവര നിര്‍മലസിറ്റി സ്വദേശിയാണ് പിടിയിലായ ആനന്ദ്. തട്ടിപ്പിനിരയായ തിരുവനന്തപുരം ആര്യനാട് സ്വദേശി സതീറിന്റെ തന്ത്രമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.ഏഴ് വര്‍ഷമായി ആനന്ദ് സമാന തട്ടിപ്പ് നടത്തുന്നുണ്ട് എന്നാണ് പൊലീസിന് ലഭിച്ച വിവരം. മരട്, ആര്യനാട്,ബത്തേരി, ആലപ്പുഴ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.