പുല്‍പ്പള്ളി : കെപിസിസി ജനറല്‍ സെക്രട്ടറിയുടെ വായ്പാ തട്ടിപ്പിനിരയായ കര്‍ഷകൻ ജീവനൊടുക്കി. പുല്‍പ്പള്ളി കേളക്കവല ചെമ്പകമൂല കിഴക്കേ ഇടിക്കലാത്ത് രാജേന്ദ്രൻ നായരാണ് (60) വിഷം കഴിച്ച് മരിച്ചത്.കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാമിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി സഹകരണ ബാങ്ക് വഴിയായിരുന്നു തട്ടിപ്പ്.
അബ്രഹാം ബാങ്ക് പ്രസിഡന്റായിരിക്കെ 2016–-17ല്‍ 70 സെന്റ് ഈട് നല്‍കി രാജേന്ദ്രൻ 70,000 രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ അബ്രഹാമും മറ്റു ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് രാജേന്ദ്രന്റെ പേരില്‍ 24,30,000 രൂപ വായ്പയായി തട്ടിയെടുത്തു. പലിശ ഉള്‍പ്പെടെ ഇപ്പോള്‍ 46 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ട്. ഇത് തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജേന്ദ്രന് ബാങ്കില്‍നിന്ന് മുമ്പ് നോട്ടീസും ലഭിച്ചിരുന്നു. മറ്റ് 27 കര്‍ഷകരെയും തട്ടിപ്പിനിരകളാക്കിയിരുന്നു.