ആലപ്പുഴ: സൗജന്യമായി നല്കേണ്ട പേവിഷ പ്രതിരോധ കുത്തിവയ്പ്പ് മരുന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റോക്കില്ലാത്തത് തെരുവു നായ്ക്കളുടെ കടിയേല്ക്കുന്നവരെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടുന്നു.പൂച്ച മാന്തിയും പട്ടി കടിച്ചും ആശുപത്രിയില്‍ എത്തുന്നവരോട് പുറത്തുള്ള സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്നു വാങ്ങി നല്കാന്‍ എഴുതി നല്കുകയാണ്. കടിയേറ്റ ശരീരഭാഗത്തു മുറിവിനു ചുറ്റും കുത്തിവയ്ക്കാനുള്ള മരുന്നിന് 6,300 ലേറെ രൂപ വില നല്കണം. 24 മണിക്കുറിനുള്ളില്‍ കുത്തിവയ്ക്കേണ്ടതാണിത്. കുത്തിവയ്പ്പ് മരുന്നിനു വലിയ വിലയാണുള്ളത്. തുടര്‍ന്നും പല ദിവസങ്ങളിലായി നാലഞ്ചു തവണ വേറെ കുത്തിവയ്പ്പുകളും എടുക്കേണ്ടതുണ്ട്.മെഡിക്കല്‍ ഷോപ്പുകളില്‍ കുത്തിവയ്പു മരുന്നിന്റെ തുക കറന്‍സിയായി തന്നെ നല്കാന്‍ നിര്‍ബന്ധിക്കുന്നതും പതിവാണ്. അതുകൊണ്ട് ആശുപത്രിക്കു പുറത്തിറങ്ങി ബാങ്ക് എടിഎമ്മില്‍ നിന്നു പണമെടുത്തു മരുന്നു വാങ്ങിവരുന്നതു തന്നെ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടേറിയതാണ്. സമയനഷ്ടവും അനുഭവിക്കണം. ബൈസ്റ്റാന്‍ഡര്‍ കൂടെയില്ലാതെ കുത്തിവയ്ക്കുകയുമില്ല.പട്ടണത്തിലെ തെരുവുനായ്ക്കളേയും പൂച്ചകളേയും ഒഴിവാക്കാന്‍ മുനിസിപ്പാലിറ്റി വര്‍ഷങ്ങളായി നടപടികളൊന്നും സ്വീകരിക്കാത്തതിനാല്‍തെരുവുനായ്ക്കള്‍ പെറ്റുപെരുകുകയാണെന്നു തത്തംപള്ളി റസിഡന്‍സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.