കണ്ണൂര്‍: പാനൂരില്‍ പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു കീറി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂന്ന് ദിവസമായി കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. വീട്ടുമുറ്റത്ത് വെച്ചായിരുന്നു നായയുടെ ആക്രമണം. പാനൂര്‍ സ്വദേശിയായ നസീറിന്റെ മകനെയാണ് നായ ആക്രമിച്ചത്.
നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ മുഖത്തിനും കണ്ണിനും പരിക്കേറ്റു. മൂന്ന് പല്ലുകളും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കുട്ടിയെ രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടത്. പല്ലിനും മുഖത്തും കണ്ണിനുമെല്ലാം പരിക്കുകളുണ്ടായിരുന്നു. ഒരു നായയാണ് കുട്ടിയെ ആക്രമിച്ചത്. സംഭവം നടന്നയുടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലെന്ന് കേട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് പിതാവ് പറയുന്നു. മൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടതിനാല്‍ കുട്ടിക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല. ജ്യൂസ് പോലെയുള്ള പാനീയങ്ങളാണ് നിലവില്‍ നല്‍കുന്നത്. പാനൂര്‍ മേഖലയില്‍ തെരുവുനായ്ക്കളുടെ ആക്രമണം പതിവാണെന്നും എത്ര പരാതിപ്പെട്ടിട്ടും കാര്യമുണ്ടായിട്ടില്ലെന്നും പിതാവ് ആരോപിക്കുന്നു.