മലപ്പുറം: കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ മരിച്ചു. വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം ജീവനക്കാരി സി.എസ്.അഷിത (49)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അഷിതയുടെ ജീവനെടുത്ത അപകടം. അഷിതയെയും സഹപ്രവര്‍ത്തകയും ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടറുമായ അപര്‍ണയെയും കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു പോയ അഷിതയുടെ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വാഴക്കാട് പഞ്ചായത്തിലെ സ്‌കൂളുകളില്‍ പരിശോധനയ്ക്കായി കുടുംബാരോഗ്യകേന്ദ്രത്തില്‍നിന്ന് രാവിലെ ഇറങ്ങിയതായിരുന്നു അഷിതയും സുഹൃത്ത് അപര്‍ണയും. വാഴക്കാട് ഗവ. സ്‌കൂളിലെ പരിശോധന കഴിഞ്ഞ് തൊട്ടടുത്ത ഐ.എച്ച്.ആര്‍.ഡി. സ്‌കൂളിലേക്ക് കാല്‍നടയായി പോവുമ്ബോഴാണ് അപകടം. ഐ.എച്ച്.ആര്‍.ഡി.ക്ക് മുൻവശത്ത് എത്തിയപ്പോള്‍ എടവണ്ണപ്പാറ ഭാഗത്തുനിന്ന് വന്ന കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ അഞ്ച് മീറ്റര്‍ അകലത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അഷിതയ്ക്ക് തലയ്ക്ക് ഗുരുതരപരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇരുവരെയും നാട്ടുകാര്‍ വാഴക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അഷിതയെ ഉടൻ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും അഷിത മരണത്തിന് കീഴടങ്ങുകയായിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച അഷിതയുടെ അവയവങ്ങള്‍ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചിട്ടുണ്ട്.