തമിഴ്‌നാട് : തഞ്ചാവൂരില്‍ ദൃശ്യം മോഡല്‍ കൊലപാതകം. യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം നിര്‍മാണത്തിലിരുന്ന റോഡില്‍ കുഴിച്ചിട്ടു.കേസില്‍ രണ്ടു പേര്‍ പൊലിസ് പിടിയിലായി. ചെന്നൈയില്‍ ഹോട്ടല്‍ ജീവനക്കാരനായ ഭാരതിയെ, മെയ് 16ന് ദിവ്യ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. അവിടെ വച്ച്, ദിവ്യയും സതീഷും ചേര്‍ന്ന് ഭാരതിയെ തലയ്ക്കടിച്ച ശേഷം, കയറുപോയിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. ഒരു ദിവസം വീട്ടില്‍ തന്നെ സൂക്ഷിച്ച മൃതദേഹം പിറ്റെ ദിവസം രാത്രിയില്‍, ചരക്ക് ഓട്ടോറിക്ഷയില്‍ കയറ്റി നിര്‍മാണം നടക്കുന്ന ബട്ടം ബൈപ്പാസ് ക്രോസ് റോഡിലെത്തിച്ചു. അവിടെ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികളോട്, വീട്ടില്‍ പൂജയുണ്ടായിരുന്നുവെന്നും പൂജ വസ്തുക്കള്‍ റോഡില്‍ കുഴിച്ചിടാന്‍ അനുവദിയ്ക്കണമെന്നും ആവശ്യപ്പെട്ടു.കോണ്‍ക്രീറ്റ് നടക്കേണ്ട റോഡിലാണ് മൃതദേഹം കുഴിച്ചിട്ടത്. അതിനു പിന്നാലെ റോഡ് നിര്‍മാണം പൂര്‍ത്തിയാകുകയും ചെയ്തു. ഭാരതിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരി ശെല്‍വമണി മെയ് 27ന് ബന്ദനല്ലൂര്‍ പൊലിസില്‍ പരാതി നല്‍കി. ദിവ്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലിസ്, ഫോണ്‍ വാങ്ങി പരിശോധിച്ചതില്‍ സതീഷുമായുള്ള ബന്ധം തെളിയുകയായിരുന്നു. പിന്നീട്, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.