പറവൂര്‍: ചെറായി ബീച്ചില്‍വച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ച് കോടതി.കോട്ടയം നെടുങ്കുന്നം പാറത്തോട്ടുങ്കല്‍ പ്രശാന്തിന് (34) പറവൂര്‍ അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം തടവനുഭവിക്കണം.വരാപ്പുഴ മുട്ടിനകത്ത് ഉദയകുമാറിന്റെ മകള്‍ ശീതളാണ് (29) കൊല്ലപ്പെട്ടത്. 2017 ഓഗസ്റ്റ് 11ന് രാവിലെ 11ന് ചെറായി ബീച്ചിലെ ഒരു സ്വകാര്യ റിസോര്‍ട്ടിന് എതിര്‍ വശത്തുവച്ചാണ് സംഭവം നടന്നത്. യുവതിയുടെ നെഞ്ചിലും വയറ്റത്തും കത്തി കുത്തിയിറക്കിയതായാണ് കേസ്. വരാപ്പുഴയില്‍ കേബിള്‍ ടിവി നെറ്റ്‌വര്‍ക്കിലെ ജീവനക്കാരനായിരുന്നു പ്രശാന്ത്.ശീതളിന്റെ വീടിനു മുകളില്‍ ഇയാളും സുഹൃത്തുക്കളും വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വിവാഹ മോചനം കഴിഞ്ഞുനില്‍ക്കുന്ന ശീതളിനെ പതിവായി സ്നേഹം നടിച്ച് ശല്യപ്പെടുത്തിയിരുന്നു. സംഭവ ദിവസം ഇയാള്‍ ശീതളിനെയും കൂട്ടി ചെറായി ബീച്ചില്‍ എത്തി. വാക്കുതര്‍ക്കത്തിനിടെ, കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശീതള്‍ ആശുപത്രിയില്‍ എത്തും മുൻപേ മരിച്ചു.രക്ഷപ്പെട്ട പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ ദുരുദ്ദേശ്യം മനസ്സിലാക്കി സൗഹാര്‍ദം ഒഴിവാക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കുകാരണമെന്ന് പ്രോസിക്യൂഷൻ പറയുന്നു.