കളമശേരി : ജുമാ മസ്ജിദിന്റെ കെട്ടിടനിര്‍മാണ സൈറ്റില്‍ മണ്ണിടിഞ്ഞുവീണ് അതിഥിത്തൊഴിലാളി മരിച്ചു.ഒരാള്‍ക്ക് പരിക്ക്. പശ്ചിമബംഗാള്‍ നാഡിയ ജില്ല ഖോരഗച്ച സ്വദേശി ജഹര്‍ ഷേക്കം മകൻ ഹസ്സൻ ഷേക്ക് (34) ആണ് മരിച്ചത്. വീഴ്ചയില്‍ കഴുത്തില്‍ കോണ്‍ക്രീറ്റ് കമ്പി കുത്തിക്കയറിയാണ് മരണം. പരിക്കേറ്റ 24 നോര്‍ത്ത് പര്‍ഗാനാസ് സ്വദേശി ഗോകുല്‍ സര്‍ക്കാറിന്റെ മകൻ മിഥുൻ സര്‍ക്കാര്‍ (26) കളമശേരി കിൻഡര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സൗത്ത് കളമശേരി ഞാലകം ജുമാ മസ്ജിദ് കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്ന സ്ഥലത്ത് ബുധൻ വൈകിട്ട് 4.30നായിരുന്നു ദുരന്തം. ഹസ്സനും മിഥുനും ഉള്‍പ്പെടെ മൂന്ന് തൊഴിലാളികള്‍ സിവേജ് ട്രീറ്റ്മെന്റ് ടാങ്കിന്റെ ജോലിയിലായിരുന്നു. കോണ്‍ക്രീറ്റ് ചെയ്യുന്നതിന് മുന്നോടിയായുള്ള ജോലികള്‍ക്കിടെ 30 അടിയോളം ഉയരത്തില്‍ മണ്ണിടിഞ്ഞ്വീണു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കോണ്‍ക്രീറ്റ് കമ്പിയില്‍ തടഞ്ഞ് ഹസ്സൻ തലകീഴായി ടാങ്കിനകത്ത് വീഴുകയും മണ്ണ് ശരീരത്തിലേക്ക് പതിക്കുകയുമായിരുന്നു. മറ്റ് രണ്ടുപേരും ഓടി രക്ഷപ്പെട്ടു. മിഥുൻ നിസ്സാര പരിക്കുകളോടെ ചികിത്സയിലാണ്.