ചാത്തന്നൂര്‍: യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. പരവൂര്‍ കൂനയില്‍ ശരത്ത് ഭവനില്‍ ശരത്തിനെയാണ് (23) ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം ധനേഷ് ഭവനില്‍ ധനേഷാണ് (34) മരിച്ചത്.
പൊലീസ് പറയുന്നത്: കഴിഞ്ഞ 18ന് രാത്രി 8.45 ഓടെ വീട്ടിലേയ്ക്ക് പോകുന്ന വഴിയില്‍ ധനേഷ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. അതുവഴി വരികയായിരുന്ന കാര്‍ ധനേഷിന്റെ മുകളിലൂടെ അബദ്ധത്തില്‍ ഓടിച്ചുപോയി. അപകടം മനസിലാക്കിയ ശരത്ത് കാര്‍ നിറുത്തി കൂടെയുണ്ടായിരുന്ന മുതലാളിയും ചേര്‍ന്ന് ധനേഷിന്റെ വീട്ടുകാരെ വിവരം അറിയിച്ചു. എന്നാല്‍ വാഹനം കയറിയിറങ്ങിയത് മറച്ചുവച്ചു. മരണത്തില്‍ സംശയം തോന്നിയതോടെ പൊലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. കഴുത്തിലെയും ശരീരത്തിലെയും മുറിവും റോഡിലെ രക്തക്കറയുടെ അടയാളവും പൊലീസില്‍ സംശയം ബലപ്പെടുത്തി. പൊലീസ് 61 ഓളം പേരെ ചോദ്യം ചെയ്തു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ ഡമ്മി പരീക്ഷണത്തിലാണ് വാഹനം ശരീരത്തിലൂടെ കയറിയാണ് കഴുത്തില്‍ മുറിവുണ്ടായതെന്ന് വ്യക്തമായത്.