കരുനാഗപ്പള്ളി ∙ മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നു പണം തട്ടിയെടുത്ത കേസില്‍ കുലശേഖരപുരം ആദിനാട് വടക്ക് വവ്വാക്കാവ് അത്തിശ്ശേരില്‍ വീട്ടില്‍ എസ്.ശ്യാംകുമാറിനെ (33) അറസ്റ്റ് ചെയ്തു.ആദിനാട് ആലോചന മുക്കിനു സമീപമുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ശ്യാംകുമാറും കൂട്ടാളിയായ ഗുരുലാലും മുക്കുപണ്ടം പണയപ്പെടുത്തിയത്. കഴിഞ്ഞ നവംബര്‍, ജനുവരി മാസങ്ങളിലായി സ്ഥാപനത്തില്‍ 42 ഗ്രാം മുക്കുപണ്ടം പണയം വച്ച് 1,50,000രൂപ ഇവര്‍ തട്ടിയെടുത്തിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ ആഡംബര വാഹനത്തിലെത്തി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ ഗുരുലാല്‍ ഉള്‍പ്പെട്ട സംഘത്തെ ചവറ പൊലീസ് പിടികൂടിയിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട് സംശയം തോന്നിയ ആദിനാട് വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ മാനേജര്‍ ഇവര്‍ പണയംവച്ച ആഭരണങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണു മുക്കുപണ്ടം ആണെന്നു തിരിച്ചറിഞ്ഞത്.
തുടര്‍ന്നു കരുനാഗപ്പള്ളി പൊലീസില്‍ നല്‍കിയ പരാതിയില്‍ ഗുരുലാലിനെ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണു ഒളിവിലായിരുന്ന ശ്യാംകുമാര്‍ അറസ്റ്റിലാകുന്നത്. ഇയാള്‍ക്കെതിരെ സമാന രീതിയില്‍ മറ്റ് സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതിനു പൊലീസ് കേസ് എടുത്തിട്ടുണ്ട്.