പാറശാല: ഭാര്യാ മാതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂര്‍ കടകുളം ചീനിവിള വീട്ടില്‍ പരേതനായ രാജപ്പന്‍റെ ഭാര്യ തങ്കം (61) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇവരുടെ മരുമകൻ റോബര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു സംഭവം നടന്നത്. തങ്കത്തിന്‍റെ മകള്‍ പ്രീതയും ഇവരുടെ രണ്ടാം ഭര്‍ത്താവ് റോബര്‍ട്ടുമായി വഴക്കുണ്ടാവുന്നത് കണ്ട് അവരുടെ മുറിയിലേക്ക് തങ്കം എത്തിയപ്പോള്‍ റോബര്‍ട്ട് മുറിക്കുള്ളില്‍ ഉണ്ടായിരുന പൈപ്പ് എടുത്ത് ഇവരുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഒന്നിലധികം പ്രാവശ്യം റോബര്‍ട്ട് തങ്കത്തിന്‍റെ തലയില്‍ പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രീതയ്ക്കും പരിക്കേറ്റു.നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയതോടെ റോബര്‍ട്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ പിടികൂടി പൊഴിയൂര്‍ പോലീസിനെഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തങ്കത്തിനെയും മകള്‍ പ്രീതയെയും നെയ്യാറ്റിന്‍കര ജനറല്‍ ഹോസ്പിറ്റലിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച രാത്രി 12.30 ഓടെ തങ്കം മരണപ്പെടുകയായിരുന്നു. പ്രീതയ്ക്കും സാരമായ പരിക്കുകളുണ്ടെന്ന് പോലീസ് പറഞ്ഞു.