ആലപ്പുഴ: ആലപ്പുഴ-ചേര്‍ത്തല തീരദേശ റോഡില്‍ കോര്‍ത്തുശേരി ജംഗ്ഷനു സമീപം കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലെറിഞ്ഞ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മുഹമ്മ മത്തിച്ചിറ വീട്ടില്‍ അജയ് മോഹൻ (കണ്ണൻ-44), കാട്ടിപ്പറമ്പ് വീട്ടില്‍ ആകാശ് (അനു-22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ നാലാം തീയതി രാത്രി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്തുനിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ബസിന്‍റെ പുറകില്‍ പ്രതികള്‍ അമിതവേഗതയില്‍ ഓടിച്ചുവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവറുടെ കുറ്റം കൊണ്ടാണ് വാഹനം ഇടിച്ചതെന്നു പറഞ്ഞ് പ്രതികള്‍ വനിത കണ്ടക്ടറെ അസഭ്യം വിളിക്കുകയും പിൻവശത്തെ ചില്ല് കല്ലെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു.