കൊച്ചി: മരടില്‍ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് ഉണ്ടാകും. വെള്ളിയാഴ്ച രാവിലെ10 മണിയോടെ ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.സംഭവത്തില്‍ പ്രതിയായ മകൻ വിനോദ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധയനാക്കും. വിനോദിന് മാനസിക പ്രശ്നങ്ങളുണ്ട് എന്നാണ് സൂചന. പ്രതിയുടെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തും. മരട് ബ്ലൂ ക്ലൗഡ് അപ്പാര്‍ട്ട്മെന്റസില്‍ വച്ച് ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. മരട് സ്വദേശിയായ അച്ചാമ്മയെ മകൻ വിനോദ് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
മണിക്കൂറുകളോളം കൊലവിളി മുഴക്കിയ ശേഷമാണ് പ്രതി കൃത്യം നടത്തിയത്.ഇരുവരും തമ്മില്‍ രണ്ട് ദിവസമായി പ്രശ്നങ്ങളുണ്ടായിരുന്നു.ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.അപ്പാര്‍ട്‌മെന്റിലുള്ള മറ്റു താമസക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് എത്തിയത്. തുടര്‍ന്ന് വാതില്‍ വെട്ടിപ്പൊളിച്ച് അകത്തുകടന്ന പൊലീസ് കണ്ടത് തലയ്ക്ക് വേട്ടേറ്റ് മരിച്ചുകിടക്കുന്ന നിലയിലായിരുന്നു അന്നാമ്മ. തുടര്‍ന്ന് വിനോദിനെ കീഴ്‌പ്പെടുത്താൻ ശ്രമിച്ച പൊലീസിനേയും പ്രതി വെട്ടി പരിക്കേല്‍പ്പിക്കാൻ ശ്രമിച്ചു.