കൊല്ലം : കൊല്ലം കുണ്ടറയില്‍ 86 ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കള്‍ പിടിയില്‍. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍, ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. കുണ്ടറ ആശുപത്രി മുക്ക് കനാല്‍ ജംഗഷനില്‍ നിന്നാണ് പ്രതികളായ പ്രഗില്‍, വിഷ്ണു വിജയൻ, ഷംനാദ്, ഉമര്‍ ഫറൂഖ്, മുഹമ്മദ് സലാഷ് എന്നിവരെ പിടികൂടിയത്. 86 ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്നും കണ്ടെടുത്തു. ലഹരി മരുന്ന് വാങ്ങാൻ എത്തുന്നവരെ കാത്ത് നില്കുന്നതിനിടയില്‍ പൊലീസ് സംഘം ഇവരെ വളയുകയായിരുന്നു. ഇവരുടെ കൈയില്‍ നിന്ന് 17 ഗ്രാമും കാറില്‍ നടത്തിയ പരിശോധനയില്‍ 65 കവറിലാക്കി ഒളിപ്പിച്ച നിലയില്‍ ബാക്കി എംഡിഎംഎയും കണ്ടെത്തി.