അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം എയർ ആംബുലൻസിൽ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. സെക്രട്ടേറിയറ്റിൽ പൊതുദർശനത്തിന് വെച്ച ശേഷമാകും പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുക. കെപിസിസി ആസ്ഥാനത്തും പൊതുദർശനമുണ്ടാകും. അർബുദത്തിന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. അദ്ദേഹത്തോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം ആയിരിക്കും. ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9 മണി മുതൽ 10.30 വരെ ബംഗളൂരുവിൽ ടി ജോണിന്റെ വസതിയിൽ പൊതുദർശനമുണ്ടാകും. പിന്നീട് തിരുവനന്തപുരത്ത് എത്തിക്കും. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതു ദർശനത്തിന് ശേഷം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ പൊതുദർശനമുണ്ടാകും. പിന്നാലെ ഇന്ദിരാ ഭവനിലും പൊതുദർശനത്തിന് സൗകര്യമുണ്ടാകും. രാത്രിയോടെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലേക്ക് മാറ്റും. നാളെ രാവിലെ ഏഴ് മണിക്ക് കോട്ടയത്തേക്ക് വിലാപയാത്രയായി പോകും. തിരുനക്കര മൈതാനത്ത് പൊതു ദർശനത്തിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പുതുപ്പള്ളി പള്ളിയിൽ സംസ്‌കാരം നടക്കുക.