തിരുവനന്തപുരം: മദ്യപിച്ചെത്തി അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനച്ഛന്‍ പിടിയില്‍. തടിക്കഷ്ണം ഉപയോഗിച്ച് ആയിരുന്നു മര്‍ദ്ദനം.തടയാന്‍ ശ്രമിച്ച അമ്മയ്ക്കും മര്‍ദ്ദനമേറ്റു. വെള്ളറട ആര്യങ്കോട് മൈലച്ചല്‍ സ്വദേശി സുബിനെ (29) ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം.മദ്യപിച്ചെത്തിയ സ്കൂള്‍ ബസ് ഡ്രൈവറായ സുബിൻ ഭാര്യയെയും കുട്ടിയെയും ആക്രമിക്കുകയായിരുന്നു. ഇളയ കുട്ടി ഉറങ്ങാൻ കിടക്കുന്നതിന് മുൻപു സുബിൻ ബുക്കില്‍ ഇംഗ്ലീഷ് അക്ഷരം എഴുതാൻ നിര്‍ദേശിച്ചിരുന്നു. എഴുതിയപ്പോള്‍ തെറ്റിയ അക്ഷരം ഉച്ചരിക്കാൻ പറഞ്ഞായിരുന്നു മര്‍ദ്ദനം തുടങ്ങിയത്. ഇതു ചോദ്യം ചെയ്തപ്പോള്‍ യുവതിയെയും മര്‍ദ്ദിച്ചു.
വലിയ തടിക്കഷണം കൊണ്ടായിരുന്നു മര്‍ദ്ദനം. കുട്ടിയെയും എടുത്ത് പുറത്തേക്കോടാൻ ശ്രമിച്ച യുവതിയുടെകൈ സുബിന്‍ പിടിച്ചു തിരിച്ചു. ഇവരുടെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ക്ക് വീട്ടില്‍ നാലു വളര്‍ത്തു നായകള്‍ ഉണ്ടായിരുന്നതിനാല്‍ ആദ്യം വീട്ടിലേക്ക് കയറാൻ സാധിച്ചിരുന്നില്ല. തുടര്‍ന്നു നാട്ടുകാര്‍ സംഘടിച്ച് ഇരുവരെയും രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അടിയില്‍ കുട്ടിയുടെ വലതു കയ്യെല്ലാണ് ഒടിഞ്ഞത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ദേഹമാസകലം അടിയേറ്റ പാടുകളുണ്ട്. കുട്ടിയുടെ അമ്മയും ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.