കൊച്ചി : കലൂരിലെ ഹോട്ടലില്‍ യുവതി അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ പ്രതി കോഴിക്കോട് തലയാട് തോട്ടില്‍ വീട്ടില്‍ പി എ നൗഷാദി (31)നെ കോടതി റിമാൻഡ് ചെയ്തു.ചങ്ങനാശേരി ചീരംവേലി വാലുമ്മച്ചിറ വീട്ടില്‍ രവിയുടെ മകള്‍ രേഷ്മ രവി (26)യാണ് ബുധൻ രാത്രി കൊല്ലപ്പെട്ടത്. യുവതിയുടെ സുഹൃത്തുകൂടിയാണ് ഹോട്ടല്‍ ജീവനക്കാരനായ നൗഷാദ്.സൗഹൃദം അവസാനിപ്പിക്കാൻ രേഷ്മ വിസമ്മതിച്ചത് കൊലയ്ക്ക് കാരണമെന്നാണ് നൗഷാദ് ആദ്യം പറഞ്ഞത്. ആരോഗ്യപ്രശ്നങ്ങള്‍ കൂട്ടുകാരുമായി പങ്കുവച്ചതും വീട്ടുകാരെക്കുറിച്ച് മോശമായി സംസാരിച്ചതും കൃത്യത്തിലേക്ക് നയിച്ചുവെന്നും പ്രതി നോര്‍ത്ത് പൊലീസിനോട് വെളിപ്പെടുത്തി. രേഷ്മയുടെ കഴുത്തിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേഹമാസകലം മാരകമായ മുറിവുകളുണ്ട്. ഇരുപതിലധികം കുത്തുകളേറ്റതായി പൊലീസ് പറഞ്ഞു. കൊല്ലാൻ ഉപയോഗിച്ച കത്തി സമീപത്തെ വീട്ടിലെ ടെറസില്‍നിന്ന് കണ്ടെത്തി.