കരുനാഗപ്പള്ളി: എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായ കേസില്‍ കൂട്ടുപ്രതിയും പോലീസ് പിടിയില്‍. ആദിനാട് തെക്ക് ദ്വാരകയില്‍ വിഷ്ണു ആണ് (30) കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.ജൂലൈയില്‍ ആദിനാട് തെക്ക്, തണല്‍ ജങ്ഷനില്‍ നിന്നും കേസിലെ മുഖ്യ പ്രതിയായ ഉണ്ണി എന്ന വിഷ്ണുവിനെ പിടികൂടിയിരുന്നു. പോലീസ് നടത്തിയ രഹസ്യനീക്കത്തിനൊടുവില്‍ ജില്ലയിലേക്ക് വ്യവസായിക അടിസ്ഥാനത്തില്‍ ലഹരിമരുന്ന് എത്തിച്ചു നല്‍കിയിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. 728.42 ഗ്രാം എംഡിഎംഎ ആണ് അന്ന് പോലീസ് കണ്ടെടുത്തത്. മുഖ്യപ്രതിയായ വിഷ്ണുവില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കൂട്ടുപ്രതിയായ മറ്റൊരു വിഷ്ണുവിനെ പറ്റി വിവരം കിട്ടുന്നത്. തുടര്‍ന്ന് ജില്ല പോലീസ് മേധാവി മെറിൻ ജോസഫിന്‍റെ നിര്‍ദേശ പ്രകാരം ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് എസിപി സക്കറിയ മാത്യുവിന്‍റെ നേതൃത്വത്തിലെ ജില്ല ആൻറിനാര്‍കോട്ടിക് വിഭാഗവും കരുനാഗപ്പള്ളി എസിപി പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലെ പോലീസ് സംഘവും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു.