പാലക്കാട്: മണ്ണൂരില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു.വീട് പൂര്‍ണമായും തകര്‍ന്നു. കൈകള്‍ക്ക് പൊള്ളലേറ്റ വീട്ടുടമ മണ്ണൂര്‍ പെരടിക്കുന്ന് പൂളക്കല്‍ വീട്ടില്‍ സെയ്ത് മുഹമ്മദിനെ (60) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 3.45 നാണ് സംഭവം. ഇവര്‍ താമസിക്കുന്ന വീടിന്റെ തൊട്ട് മുന്നിലെ ആള്‍ താമസമില്ലാത്ത ഓടിട്ട വീടാണ് പൊട്ടിത്തെറിയില്‍ പൂര്‍ണമായും തകര്‍ന്നത്.
സംഭവസമയം വീട്ടുടമ പഴയവീടിന്റെ പുറത്തായതിനാല്‍ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഭാര്യ ഹാജറുമ്മ പുതിയ വീടിന്റെ അകത്തായിരുന്നു. ശക്തമായ ചൂടായിരിക്കാം പൊട്ടിത്തെറിയുണ്ടാകാന്‍ കാരണമായതെന്ന് പോലീസ് സംശയിക്കുന്നു.കിലോമീറ്ററോളം ദൂരം സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. സംഭവമറിഞ്ഞ് മങ്കര ഇന്‍സ്‌പെക്ടര്‍ ഹരീഷിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി. സെയ്ത് മുഹമ്മദ് താമസിക്കുന്ന പുതിയ വീടും പോലീസ് പരിശോധിച്ചു.ഇവിടെ പടക്ക സാമഗ്രികള്‍ സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ടന്ന് പോലീസ് പറഞ്ഞു.