കൊല്ലം : : പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ വീട്ടിലെത്തിയ ഹരിത കര്‍മ്മ സേനാംഗത്തെ മര്‍ദ്ദിച്ച ഗൃഹനാഥൻ കസ്റ്റഡിയില്‍.കന്നിമേല്‍ ചേരിയില്‍ ഓംചേരിമഠം സുനാമി ഫ്‌ളാറ്റിന് സമീപം തിരുവോണം നഗര്‍ 203 വെല്‍വ്യു വീട്ടില്‍ ആന്റണിയാണ് (60) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. മരുത്തടി സ്വദേശിനിയായ ഹരിതകര്‍മ്മ സേനാംഗത്തെയാണ് ഇയാള്‍ മര്‍ദ്ദിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ആന്റണിയുടെ വീട്ടില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശോഖരിക്കാനെത്തിയതായിരുന്നു. പ്ലാസ്റ്റിക്ക് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ഹരിതകര്‍മ്മ സേനാംഗത്തോട് കയര്‍ക്കുകയും അസഭ്യം പറയുകയും ചെയ്തു. വീട്ടിലെ ക്യു.ആര്‍ കോഡ് കോഡ് സ്‌കാൻ ചെയ്യാനായി ഫോണ്‍ എടുക്കവേ ആന്റണി ഹരിതകര്‍മ്മ സേനാംഗത്തെ മര്‍ദ്ദിക്കുകയും ഫോണ്‍പിടിച്ചുവാങ്ങുകയുമായിരുന്നു. ഈ സമയം സമീപത്തെ വീട്ടില്‍ പ്ലാസ്റ്റിക് ശേഖരിക്കാൻ പോയ മറ്റൊരു സേനാംഗം എത്തി ഫോണ്‍ തിരികെ നല്‍കാൻ ആവശ്യപ്പെട്ടു. എന്നാല്‍ ഫോണ്‍ കൊടുക്കാൻ ഇയാള്‍ തയ്യാറായില്ല.തുടര്‍ന്ന് സേനാംഗങ്ങള്‍ ഹെല്‍ത്ത് ഇൻസ്‌പെക്ടറെയും ഡിവിഷൻ കൗണ്‍സിലറെയും വിവരമറിയിച്ചു. ഇവര്‍ വീട്ടിലെത്തി ആന്റണിയോട് ഫോണ്‍ തിരികെ നല്‍കാൻ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ആന്റണിയെ കസ്റ്റഡിയിലെടുക്കുകയും ഫോണ്‍ വാങ്ങി നല്‍കുകയും ചെയ്തു.സംഭവത്തില്‍ പ്രതിഷേധിച്ച് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ശക്തികുളങ്ങര കോര്‍പ്പറേഷന് മുന്നില്‍ നിന്ന് വള്ളിക്കീഴ് വരെ പ്രകടനം നടത്തി.