മറയൂര്‍: കോട്ടക്കുളം ഭാഗത്ത് വീട് തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പൊലീസിനെ കബളിപ്പിച്ച് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു.തമിഴ്‌നാട്ടില്‍ നിന്നുള്ള കൊടും കുറ്റവാളികളില്‍ പ്രധാനിയായ ബാലമുരുകനാണ് (33) കസ്റ്റഡിയില്‍ നിന്ന് ചാടി രക്ഷപെട്ടത്. വര്‍ക്ക് ഷോപ്പ് ഉടമയായ കോട്ടക്കുളം സതീശന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറി കിടപ്പുമുറിയുടെ വാതില്‍ തകര്‍ക്കുകയും വീട്ടുകാരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും, പത്തടിപ്പാലം പുഷ്പാഗതന്റെ വീട്ടില്‍ നിന്ന് നായ്ക്കുട്ടികളെ മോഷ്ടിച്ച കേസിലുമാണ് ബാലമുരുകൻ ഉള്‍പ്പെട്ട നാലാംഗ സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. പിന്നീട് ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിന്റെ തുടര്‍ അന്വേഷണത്തിനായി പ്രതിയായ ബാലമുരുകനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.മറയൂര്‍ എസ്.ഐ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘ പ്രതിയെയും കൂട്ടി തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലെ അന്വേഷണതിന് ശേഷം തിരികെ വരവേ കൊടൈ റോഡിലെ ടോള്‍ ഗേറ്റില്‍ വച്ച് കഴിഞ്ഞ ദിവസം മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. സമീപത്തെ ടോയ്‌ലെറ്റില്‍ എത്തിച്ചപ്പോഴാണ് പൊലീസ് സംഘത്തെ വെട്ടിച്ചു ബാലമുരുകൻ കടന്നത്.