ചണ്ഡിഗഡ്: പഞ്ചാബിലെ അതിര്‍ത്തി പ്രദേശത്തിന് സമീപം ബി.എസ്.എഫും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തില്‍ 30 കിലോ മയക്കുമരുന്നുമായി രണ്ട് പാകിസ്താൻ കള്ളക്കടത്തുകാര്‍ പിടിയില്‍.ഈ വര്‍ഷം പിടികൂടിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണ് ഇത്. തിങ്കളാഴ്ച പുലര്‍ച്ചെ ഫിറോസ്പൂര്‍ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമായിരുന്നു പാകിസ്താൻ കള്ളക്കടത്തുകാരെ മയക്കുമരുന്ന് സഹിതം പിടികൂടിയത്. ഗട്ടി മാതാര്‍ ഗ്രാമത്തിന് സമീപമുള്ള സത്‌ലജ് തീരത്തായിരുന്നു തിരച്ചില്‍ നടത്തിയതെന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഒരാളുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ നിന്ന് ഹെറോയിൻ എന്ന് സംശയിക്കുന്ന 29.26 കിലോഗ്രാം മയക്കുമരുന്ന് അടങ്ങിയ 26 പാക്കറ്റുകള്‍ പിടികൂടി.