മാവേലിക്കാലത്തെ ഐക്യം പുതുതലമുറകളിലേയ്ക്കും ജി എസ് സജീവ്

വൈവിദ്ധ്യങ്ങളുടെ സമ്മേളനങ്ങളിലൂടെയാണല്ലോ കേരള നാടിന്റെ പ്രസക്തിയേറുന്നത്. വിവിധ മത-വർഗ – വർണ-ജാതികളുടെ സമ്മിശ്രണം അതിന്റെ ഉദാഹരണവും. നാടൊന്നാകെ ആഘോഷത്തിമിർപ്പിലാവുന്ന അത്തം മുതൽ തിരുവോണം വരെയുളള പത്തു നാളിൽ വേർതിരിവുകളുടെ അതിർവരമ്പുകളിൽ മനോഹരമായ “മടവീഴ്ച ” ദൃശ്യമാകും. അവിടെ സമൃദ്ധിയായൊഴുകുന്നത് മതസാഹോദര്യത്തിന്റെയും സ്നേഹവായ്പിന്റെയും ഊഷ്മളതയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ആർക്കും ദർശിക്കാനാവില്ല എന്ന സത്യവും ഏവരും അംഗീകരിക്കും. കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴമൊഴി കൂലി വേല ചെയ്ത് ദിവസങ്ങൾ തള്ളി നീക്കുന്ന പാവപ്പെട്ടവനും തന്റെ ഭാര്യയ്ക്കും മക്കൾക്കും തിരുവോണദിനത്തിലെങ്കിലും ഓണ സദ്യ നൽകണമെന്ന ആഗ്രഹത്തിന്റെ വിത്തുപാകിയിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അതിന്റെ ചുവടു പിടിച്ച് തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇന്ന് ഓണം വല്ലാത്ത അനുഭൂതിയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അത്തം മുതൽ തിരുവോണം വരെയും ഒരു പക്ഷേ അതു കഴിഞ്ഞുള്ള ചില ദിവസങ്ങളിലും ഒരു ദിനം തൊഴിലിടങ്ങളിലെ ഏകദിന ഓണാഘോഷം വലിയ ഹരമായി മാറിയിരിക്കുന്നു. കുടുംബാംഗങ്ങളുമായുള്ള ഓണസദ്യയ്ക്കു പുറമേ തൊഴിലിടങ്ങളിൽ സഹപ്രവർത്തകരുമായി ചേർന്ന് ഓണം ആഘോഷിക്കുന്ന പുരുഷ – വനിതാ ജീവനക്കാരുടെ ആഹ്ലാദം അവർക്കു മാത്രമല്ല, കാഴ്ചക്കാർക്കും വലിയ ആവേശം പകരുന്നു. ഓണ സദ്യയ്ക്കു പുറമേ, വടംവലി, സുന്ദരിക്കൊരു പൊട്ടുതൊടൽ തുടങ്ങി ഏറെ വർഷത്തെ പഴക്കമുള്ള ഓണക്കളികൾ ആധുനിക സമൂഹവും ഏറ്റെടുക്കുന്നുവെന്നത് ഒരു പ്രത്യേകതയാണ്. പുരാതന തറവാടുകളിൽ നിന്ന് ഫ്ലാറ്റുകളിലേയ്ക്ക് ഈ വിനോദങ്ങൾ കുടിയേറിക്കഴിഞ്ഞു. ആഘോഷ ദിനത്തിന് ആഴ്ചകൾക്കു മുമ്പേ മാവേലിയായെത്തുന്നയാളെ തെരഞ്ഞെടുക്കുകയും ആഘോഷക്കമ്മറ്റികൾ രൂപീകരിക്കുകയും അന്നേ ദിവസം ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ മാവേലിയെ ആനയിച്ചു കൊണ്ടുള്ള ഘോഷയാത്രയും. ഏതൊരു മലയാളിയും പങ്കെടുക്കാനാഗ്രഹിക്കുന്ന അസുലഭ മുഹൂർത്തം. പ്രായഭേദമെന്യേ, ജാതിമത ഭേദമെന്യേ, സ്ത്രീ-പുരുഷ ഭേദമെന്യേ ഏകമനസോടെയുള്ള ജീവനക്കാരുടെ ആഘോഷം. മാവേലിക്കാലത്തെ ഐക്യം പ്രതിലോമ ശക്തികൾക്ക് നൂറ്റാണ്ടുകൾക്കിപ്പുറവും തകർക്കാൻ കഴിയില്ല എന്ന സുവ്യക്തമായ സന്ദേശം കൂടിയാണ് ഈ ആഘോഷ നാളുകളിൽ പ്രതിഫലിക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × four =