താനൂര്‍ : വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ അറസ്റ്റിലായി.താനൂരിന് സമീപത്തെ ഹൈസ്കൂളിലെ വിദ്യാര്‍ഥികളെയാണ് റെയില്‍വേ സംരക്ഷണ സേന അറസ്റ്റ് ചെയ്തത്.ആഗസ്റ്റ് 21നുണ്ടായ കല്ലേറില്‍ ട്രെയിൻ ചില്ലുകള്‍ തകര്‍ന്നിരുന്നു. ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പൊട്ടിയ ചില്ലില്‍ സ്റ്റിക്കര്‍ പതിച്ചാണ് ട്രെയിൻ യാത്ര തുടര്‍ന്നത്. സംഭവത്തില്‍ ആര്.പി.എഫ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൊര്‍ണൂര്‍ റെയില്‍വേ സംരക്ഷണ സേന കമാൻഡറുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ഇവരെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.എന്തിനാണ് കല്ലെറിഞ്ഞതെന്ന് വ്യക്തമല്ല. കുട്ടികളെ വെള്ളിയാഴ്ച തവനൂരിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജറാക്കും.