തിരുവനന്തപുരം: വവ്വാലുകളിൽ കാണുന്ന വൈറസാണ് നിപ. വളരെ അപൂർവ്വമായി മനുഷ്യരിലേയ്ക്ക് പടർന്ന് രോഗ കാരണമാകുന്നു. മനുഷ്യരിലേയ്ക്ക് പടർന്നാൽ തലച്ചോറിനെ ബാധിക്കുന്ന എൻസെഫലിറ്റീസ് രോഗം ഉണ്ടാക്കുന്ന വൈറസാണ് നിപാ വൈറസ്. വവ്വാലിന്റെ പ്രജനന സമയത്താണ് വൈറസ് കൂടുതലായും പുറത്തേക്ക് വരിക. ഈ സമയത്ത് വവ്വാലിൽ നിന്ന് നേരിട്ടോ വവ്വാലുമായി ബന്ധമുള്ള മറ്റ് ജീവികളിൽ നിന്നോ സാധനങ്ങളിൽ നിന്നോ മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ വൈറസ് എത്താം. മനുഷ്യരിൽ തലച്ചോറിനെ മാത്രമല്ല ചിലപ്പോൾ ശ്വാസകോശത്തെ ബാധിക്കുന്ന തരത്തിലും വൈറസ് ബാധിക്കും. ചുമ, പനി, ശ്വാസ തടസ്സം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചുമ വഴിയും മറ്റും നിപ ബാധിതരിൽ നിന്നും അവരുമായി അടുത്തിടപഴകുന്നവരിലേയ്ക്ക് വളരെ വേഗം രോഗം പടരുന്നതാണ് കണ്ട് വരുന്നത്. രോഗം തിരിച്ചറിയാനും വൈകാറുണ്ട്. രോഗ ബാധിതരുടെ കഫം, രക്തം എന്നിവ പ്രത്യേക ലാബിൽ പരിശോധിച്ചാണ് രോഗം സ്ഥിതീകരിക്കുന്നത്. എന്നാൽ അതിന് മുമ്പ് തന്നെ നിപയുടെ ചികിത്സ ആരംഭിക്കുന്നതാണ് രോഗബാധിതരെ രക്ഷിക്കാൻ അവലബിക്കുന്ന മാർഗം.
രോഗിയിൽ നിന്നും മാറി നിൽക്കുകയാണ് പ്രധാന മാർഗം. കോവിഡിൽ നാം സ്വീകരിച്ചത് പോലെ മുൻകരുതലിന്റെ ഭാഗമായി മാസ്ക്ക് ധരിക്കണം. വായുവിലൂടെ പകരാം എന്നതിനാലാണ് മാസ്ക്ക് ധരിക്കേണ്ടത്.രോഗികളെ ക്വാറന്റൈനിലാക്കണം. രോഗികളെ പരിചരിക്കുന്നവരും കൃത്യമായ ചികിത്സാ മാനദണ്ഡങ്ങൾ പാലിക്കണം.രോഗത്തിന്റെ ഉറവിടം ആണ് ആദ്യം കണ്ടെത്തണം. പ്രദേശത്ത് സമാനമായ രോഗലക്ഷണങ്ങൾ ഉള്ളവർ ഉണ്ടോ, മസ്തിഷ്‌ക ജ്വരം ഉള്ളവർ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം. ഉണ്ടെങ്കിൽ അവരേയും പരിശോധനക്ക് വിധേയമാക്കണം. ആരെങ്കിലും സമാന ലക്ഷണങ്ങളോടെ മരിച്ചിട്ടുണ്ടോ എന്നും നോക്കണം.
1999ൽ മലേഷ്യയിലും സിംഗപൂരിലുമാണ് ആദ്യമായി നിപാ വൈറസ് മനുഷ്യരിലേയ്ക്ക് പടർന്നതായി കണ്ടെത്തിയത്. അത് രോഗം പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് 300 ലേറെ പേർക്കാണ് ജീവൻ നഷ്ട്ടമായത്. വൈറസ് ബാധ പടരുന്നത് തടയാൻ ഒരു മില്യൺ പന്നികളെ കൊന്നൊടുക്കിയെന്നാണ് റിപ്പോർട്ട്. വവ്വാലുകളിൽ നിന്നും പന്നികളിലേയ്ക്കും , പന്നികളിൽ നിന്നും മനുഷ്യരിലേയ്ക്ക് രോഗം പടർന്നുവെന്നാണ് അന്ന് കണ്ടെത്തിയത്. 2001ൽ ബംഗ്ലാദേശിലും പിന്നീട് ഇന്ത്യയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2018 ൽ കോഴിക്കോടും നിപ വൈറസ് കണ്ടെത്തി. അന്ന് രോകാരോഗ്യ സംഘടന പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. പക്ഷെ ഇത് വരെ കൃത്യമായ ചികിത്സ നിപയ്ക്ക് കണ്ടെത്തിയിട്ടില്ല. പല രീതിയിലുള്ള ആന്റിവൈറൽ മരുന്നുകളും ഉപയോഗിക്കുന്നുണ്ട്. 2018ൽ രോഗം സ്ഥിരീകരിക്കുമ്പോൾ കേരളത്തിൽ ഈ മരുന്നുകൾ നമുക്ക് ഉണ്ടായിരുന്നില്ല. ഇന്ന് മരുന്നുകൾ കേരളത്തിൽ ലഭ്യമാണ്.