കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന സംഘ്പരിവാര്‍ നേതാവും ബി.ജെ.പി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി.മുകുന്ദന്റെ (77) മൃതദേഹം ഇന്ന് സംസ്കരിക്കും. ബി.ജെ.പി കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ രാവിലെ 9 വരെ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ജന്മനാടായ കൊട്ടിയൂര്‍ മണത്തണയിലെ വീട്ടിലെത്തിക്കും. ഉച്ചയോടെ മണത്തണ കുളങ്ങരയത്ത് തറവാട് ശ്മശാനത്തിലാണ് സംസ്‌കാരം. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ എട്ടേകാലോടെയായിരുന്നു അന്ത്യം. മൃതദേഹം ആര്‍.എസ്.എസ് സംസ്ഥാന കാര്യാലയമായ എറണാകുളം എളമക്കര മാധവ നിവാസില്‍ ഉച്ചക്ക് രണ്ടുവരെ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോയത്.വിവിധയിടങ്ങളില്‍ പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരുന്നു.