തിരുവനന്തപുരം : പേട്ട കല്ലുംമൂട്ടില്‍ പട്ടാപ്പകല്‍ യുവാക്കളെ വെട്ടിയ കേസിലെ മുഖ്യപ്രതികള്‍ കീഴടങ്ങി. കരിക്കകം മൈത്രി ഗാര്‍ഡൻസില്‍ ഡബ്ബാര്‍ ഉണ്ണി (അനു),ആനയറ സ്വദേശി അനന്ദു ഷാജി (അച്ചു) എന്നിവരാണ് വഞ്ചിയൂര്‍ അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ കീഴടങ്ങിയത്.14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.ഇവരെ ഉടൻ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പേട്ട പൊലീസ് പറഞ്ഞു. മൂന്നാം പ്രതി അച്ചുഷാനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ശനിയാഴ്ച വൈകിട്ട് 5.30ന് ആനയറ കല്ലുംമൂട് പാലത്തിനു സമീപത്തായിരുന്നു സംഭവം. ഉണ്ണിയുടെ നേതൃത്വത്തില്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം പാറ്റൂര്‍ സ്വദേശി രാജേഷ് (32), ചെട്ടിക്കുളങ്ങര സ്വദേശി ശബരി (29) എന്നിവരെ ക്രൂരമായി വെട്ടി വീഴ്ത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ശബരിയും ഉണ്ണിയും സുഹൃത്തുക്കളായിരുന്നു. ഒരു വര്‍ഷം മുൻപ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തെറ്റിപ്പിരിഞ്ഞു.പിന്നീട് ഇവര്‍ തമ്മില്‍ രണ്ടുതവണ ഏറ്റുമുട്ടുകയും ചെയ്തു. വാട്സ് ആപ്പ് വഴിയും ഫോണ്‍ വിളിച്ചും ഇരുകൂട്ടരും വെല്ലുവിളി നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം നടന്നത്.