പത്തനംതിട്ട : തമിഴ്‌നാട്ടിലെ തെങ്കാശി ശിവഗിരി ചെക് പോസ്റ്റില്‍ 105 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. അജ്മലിനെയാണ് (27) ഇളമണ്ണൂരിലെ ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടിയത്. ഒക്ടോബര്‍ ഏഴിന് കൊല്ലം തിരുമംഗലം പാതയിലെ ശിവഗിരി ചെക് പോസ്റ്റില്‍ വച്ചാണ് വാഹനത്തില്‍ കൊണ്ടുവരുകയായിരുന്ന 105 കിലോ കഞ്ചാവ് തമിഴ്‌നാട് പൊലീസ് പിടികൂടിയത്.പൊലീസ് പറയുന്നത്: ഡ്രൈവര്‍ തമിഴ്‌നാട്ടുകാരനായ മുരുഗാനന്ദം, എറണാകുളം ജില്ലയിലെ ബശീര്‍ എന്നിവരെ കഞ്ചാവ് പിടികൂടിയ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കഞ്ചാവ് ഇടപാടില്‍ അജ്മലിന്റെ പങ്ക് കണ്ടെത്തിയത്. രഹസ്യാന്വേഷണ വിഭാഗവും തമിഴ്‌നാട് പൊലീസും വിവരങ്ങള്‍ അടൂര്‍ പൊലീസിനെ അറിയിച്ചു.കൂട്ടുപ്രതികള്‍ പിടിയിലായതറിഞ്ഞ് അജ്മല്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന്, അടൂരെത്തിയ തമിഴ്‌നാട് പൊലീസ്, ജില്ല പൊലീസ് മേധാവി വി അജിത്തിനോട് അടൂര്‍ പൊലീസിന്റെ സഹായം തേടി.
തുടര്‍ന്ന് അടൂര്‍ പൊലീസും നാര്‍കോടിക് സെല്‍ ഡിവൈഎസ്പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്ന്, പല സംഘങ്ങളായി തിരിഞ്ഞ് മൂന്ന് ദിവസമായി പ്രതിയെ തിരഞ്ഞുവരുകയായിരുന്നു. രഹസ്യമായി നടത്തിയ നീക്കത്തില്‍ ഇളമണ്ണൂരിലെ ഒളിവ് സങ്കേതം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.