ഉത്തര്‍പ്രദേശ് : മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്ന് തെറ്റിധരിപ്പിച്ച് വ്യവസായികളെയും കരാറുകാരെയും പറ്റിച്ച രണ്ട് പേരെ യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി.രാംശങ്കര്‍ ഗുപ്ത, അരവിന്ദ് ത്രിപാഠി എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് രാംശങ്കര്‍ ഗുപ്ത തട്ടിപ്പ് നടത്തിയിരുന്നത്. ഉയര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിധരിപ്പിച്ചും വൈസ് ചാൻസിലറാണെന്ന് വിശ്വസിപ്പിച്ചുമൊക്കെ ഇയാള്‍ പല സമ്പന്നരെയും കബളിപ്പിച്ചിരുന്നു.
“ആശിഷ് ഗുപ്ത” എന്ന പേരിലാണ് രാംശങ്കര്‍ ഗുപ്ത തട്ടിപ്പ് നടത്തിയിരുന്നത്. കൂടാതെ ഡല്‍ഹിയിലെ സോക്രട്ടീസ് സോഷ്യല്‍ റിസര്‍ച്ച് യൂണിവേഴ്സിറ്റിയുടെ (എസ്‌എസ്‌ആര്‍യു) വൈസ് ചാൻസലറാണെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. പിടിയിലായ അരവിന്ദ് ത്രിപാഠി “യോഗ ഗുരുജി”ആയാണ് അറിയപ്പെട്ടിരുന്നത്. ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവരോടൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഇയാള്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ടെൻഡര്‍ ലഭിക്കുവാനും, ട്രാൻസ്ഫറിനായും, പോസ്‌റ്റിങ്ങ് കിട്ടുാനുമെല്ലാം സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ പണം വാങ്ങിയിരുന്നത്. വൻകിട കമ്ബനികളുടെ ഉടമകളില്‍ നിന്നും കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും പൊലീസ് ഓഫീസര്‍മാരില്‍ നിന്നും പ്രതികള്‍ പണം അടിച്ചുമാറ്റിയിരുന്നു.ആശിഷ് ഗുപ്ത എന്ന പേരില്‍ ആരംഭിച്ച അക്കൗണ്ടിലേക്കായിരുന്നു കൂടുതല്‍ പണവും വന്നത്.
യുപി മുഖ്യമന്ത്രിയുടെ പ്രോട്ടോക്കോള്‍ ഓഫീസര്‍, സോക്രട്ടീസ് സര്‍വ്വകലാശാലയിലെ വൈസ് ചാൻസലര്‍, ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷൻ അംഗം തുടങ്ങി പല പേരുകളിലുള്ള 14 തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. അഞ്ച് മൊബൈല്‍ ഫോണുകളും രണ്ട് ലെറ്റര്‍ പാഡുകളും അനവധി വിസിറ്റിംഗ് കാര്‍ഡുകളും പ്രതികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.