കൊച്ചി: കൊച്ചിയില്‍ യൂസ്‍ഡ് കാര്‍ ഷോറൂം ജീവനക്കാര്‍ യുവതികളെയും സുഹൃത്തുക്കളെയും പൂട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ ഒളിവിലെന്ന് പൊലീസ്.വൈറ്റില മാരുതി ട്രൂ വാല്യു ഷോറൂം മാനേജര്‍ അടക്കം അഞ്ച് പേരാണ് മര്‍ദ്ദനത്തിന് ശേഷം മുങ്ങിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറിച്ചാണെന്നും വിശദീകരിക്കാന്‍ ഒരു ദിവസംകൂടി സമയം വേണമെന്നും ട്രൂ വാല്യൂ അധികൃതര്‍ അറിയിച്ചു.വൈറ്റില മാരുതി ട്രൂ വാല്യു ഷോ റൂമില്‍ പെണ്‍കുട്ടികളെയും രണ്ട് യുവാക്കളെയും പൂട്ടിയിട്ട് മര്‍ദ്ദിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. പെണ്‍കുട്ടികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തപ്പോഴേക്കും പ്രതികള്‍ ഒളിവില്‍ പോയെന്നാണ് വിവരം. മാനേജര്‍ ജോസ്, കണ്ടാല്‍ അറിയാവുന്ന നാല് ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ ആയുധം ഉപയോഗിച്ച് മര്‍ദ്ദിച്ചതിനടക്കം ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മൂക്കിന് പരിക്കേറ്റ യുവാവിന്‍റെ ചികിത്സതുടരുകയാണ്.
ട്രൂ വാല്യുവില്‍ നിന്ന് വാങ്ങിയ കാറിന്റെ ഉടമസ്ഥാവകാശം മാറുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞെന്നും ശരീരത്തില്‍ കയറിപിടിച്ചെന്നും പരാതിയില്‍ ഉണ്ട്. പൂട്ടിയിട്ടതിന് പിന്നാലെ പെണ്‍കുട്ടികള്‍ ബഹളം വച്ചതോടെയാണ് മുറി തുറന്നുകൊടുത്തത്. സംഭവത്തില്‍ ട്രൂവാല്യു അധികൃതര്‍ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് വിശദീകരിക്കാന്‍ ഒരു ദിവസം കൂടി സമയം വേണമെന്നുമാണ് അധികൃതര്‍ അറിയിച്ചത്.