കേരള ഡിഫറന്‍ലി ഏബിള്‍ഡ് എംപ്‌ളോയീസ് ആക്ഷന്‍ കൗണ്‍സില്‍ (KDAEAC) യോഗം ചേർന്നു

തിരുവനന്തപുരം: ഭിന്നശേഷി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുക, സൂപ്പർ ന്യൂമററി തസ്തിക ഏകീകരിക്കുക, പ്രമോഷൻ സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള ഡിഫറന്‍ലി ഏബിള്‍ഡ് എംപ്‌ളോയീസ് ആക്ഷന്‍ കൗണ്‍സില്‍ (KDAEAC) യോഗം സംഘടിപ്പിച്ചു.

സെക്രട്ടേറിയറ്റിനു സമീപമുള്ള പൂര്‍ണ്ണ ഹോട്ടലില്‍ കൂടിയ യോഗം സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് ജേതാവ് കൊല്ലകബേബി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കൂട്ടായ്മ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ഭിന്നശേഷി ഉപദേശക സമിതി അംഗവുമായ വിനോദ് കുമാര്‍ വി കെ അദ്ധ്യക്ഷത വഹിച്ചു.

2013 ഏപ്രിലിനു മുമ്പ് കേരള പബ്ലിക് സര്‍വിസ് കമ്മീഷന്‍ വഴിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും സ്ഥിര നിയമനം ലഭിച്ച ബഹുഭൂരിപക്ഷം ഭിന്നശേഷിക്കാരും സര്‍വീസില്‍ പ്രവേശിച്ചത് ശരാശരി 40-45 വയസ്സിലാണ്. ഇതിനാല്‍ ഭിന്നശേഷി ജീവനക്കാര്‍ക്ക് ലഭിക്കുന്നത് 10 മുതല്‍ 15 വര്‍ഷ സര്‍വീസ് മാത്രമാണ്. മിനിമം പെന്‍ഷനുപോലും അര്‍ഹതയില്ലാതെ, പ്രമോഷനോ ഗ്രേഡോ ലഭിക്കാതെ, പലരും സര്‍വീസില്‍ നിന്നും വിരമിച്ചുകഴിഞ്ഞു.

1996 മുതല്‍ 2017 വരെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുളള ഡാറ്റകള്‍ പ്രകാരം 8354 ഭിന്നശേഷിക്കാര്‍ക്ക് നിയമനം ലഭിച്ചു. ഇതില്‍ 3196 പേര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയതിനുശേഷം സര്‍വീസില്‍ പ്രവേശിച്ചവരാണ്. 5128 പേര്‍ക്ക് 56 വയസ്സാണ് പെന്‍ഷന്‍ പ്രായം.

റിപ്പോര്‍ട്ട് പുറത്തുവന്ന് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ നിരവധി പേര്‍ വിരമിച്ചുകഴിഞ്ഞു. അഞ്ച് ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു ശതമാനത്തിനു താഴെ വരുന്ന ഇത്തരം ഭിന്നശേഷി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കൊല്ലകബേബി സർക്കാരിനോട് ആവശ്യപ്പെട്ടു.

2013 ല്‍ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിതരായ ഭിന്നശേഷി ജീവനക്കാരുടെ സേവന ആനുകൂല്യങ്ങള്‍ 2016 ലെ ഉത്തരവിലൂടെ സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്. സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിതരായവരുടെ എണ്ണം കൂടി കണക്കാക്കി ബാക്ക് ലോഗ് നിലവിലില്ലായെന്നു 2021 ല്‍ സ്പഷ്ടീകരണം നല്‍കുന്നതില്‍ നിന്നും വ്യക്തമാകുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തോടുള്ള കടുത്ത വിവേചനമാണ്. ഈ വിഷയം സംബന്ധിച്ച സുപ്രീം കോടതി കേസ് നടപടികള്‍ക്ക് കാത്തുനില്‍ക്കാതെ സൂപ്പര്‍ ന്യൂമററി തസ്തിക ഏകീകരിച്ച്, എട്ട് വര്‍ഷത്തെ സേവനം പൂര്‍ത്തിയാകുന്ന ഭിന്നശേഷി ജീവനക്കാര്‍ക്കു സമയബന്ധിതമായ ഉയര്‍ന്ന ഗ്രേഡ് നല്‍കല്‍ ഉള്‍പ്പെടെയുള്ള സേവന വേതന വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കണമെന്ന് വിനോദ് കുമാര്‍ വി കെ ആവശ്യപ്പെട്ടു.

ഭിന്നശേഷിക്കാരെ പിന്നോക്ക അവസ്ഥയില്‍ നിന്നും ഉയര്‍ത്തിക്കൊണ്ട് വരുന്നതിനായി 1996 ല്‍ ‘തുല്യ പങ്കാളിത്തം, തുല്യ അവസരം, അവകാശ സംരക്ഷണം’ എന്ന നിയമം പ്രാബല്യത്തില്‍ വന്നുവെങ്കിലും, ഭിന്നശേഷിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പൂര്‍ണമായി ഇതുവരെയും ലഭ്യമായിട്ടില്ല. അവശ വിഭാഗത്തോടൊപ്പം നില്‍ക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ശാരീരികയും മാനസികവുമായി തളര്‍ന്ന ഭിന്നശേഷിക്കാര്‍ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കാവസ്ഥയിലാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തോടുളള വിവേചനമാണിതെന്നും ശരാശരി ആയുര്‍ദൈര്‍ഘ്യം 75 വയസ്സായ ഈ ആധുനിക കാലത്ത് ശാരീരിക വൈകല്യത്താല്‍ ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് വരുമാനം കൂടി ഇല്ലാതായാല്‍ ജീവിതം നരകതുല്യമാകുമെന്നും KDAEAC സംസ്ഥാന കണ്‍വീനര്‍ മുനീര്‍, മീനത്തേരില്‍ അഭിപ്രായപ്പെട്ടു.

ധനകാര്യ വകുപ്പുമന്ത്രി, സാമൂഹ്യ നീതി വകുപ്പുമന്ത്രി, സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഉള്‍പ്പെടെയുള്ള വകുപ്പ് തലവന്‍മാര്‍ക്കും സമര്‍പ്പിച്ച നിവേദനങ്ങളില്‍ സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാകണമെന്ന് യോഗം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

രജതബാബു വി, Differently Abled Employees Welfare Federation സംസ്ഥാന സെക്രട്ടറി ബിന്ദു കെഎ, ഭിന്നശേഷി കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് സുജീന്ദ്രൻ കെ എന്നിവർ സംസാരിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

ten + 3 =