കൊച്ചി : രാത്രി കടലില്‍ ആങ്കര്‍ ചെയ്തു കിടന്നിരുന്ന ചൂണ്ട ബോട്ടില്‍ ട്രോളിംഗ് ബോട്ട് ഇടിച്ചു തെറിച്ചുവീണ ചൂണ്ട ബോട്ടിലെ എട്ട് തൊഴിലാളികളില്‍ ഒരാള്‍ മുങ്ങിമരിച്ചു.കടലില്‍ നീന്തിയ ഏഴു പേരെ ഇടിച്ച ബോട്ടിലെ തൊഴിലാളികള്‍ രക്ഷിച്ചു കരയിലെത്തിച്ചു. കൊല്ലം പള്ളിത്തോട്ടം അനുഗ്രഹ നഗര്‍ ആന്‍റണിയുടെ മകൻ ജോസ് (60) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ മുനമ്ബം ഭാഗത്ത് 28 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറാണ് അപകടം ഉണ്ടായത്. തോപ്പുംപടി ഹാര്‍ബറില്‍നിന്നു ശനിയാഴ്ച രാവിലെ മത്സ്യബന്ധനത്തിനു പോയ മാര്‍ത്താണ്ഡം പുത്തൻതുറ സ്വദേശി രാജുവിന്‍റെ ഉടമസ്ഥതയിലുള്ള സില്‍വര്‍ സ്റ്റാര്‍ എന്ന ചൂണ്ട ബോട്ടാണ് അപകടത്തില്‍ തകര്‍ന്നത്. എടവനക്കാട് സ്വദേശി തലക്കാട്ട് അര്‍ഷദിന്‍റെ ഉടമസ്ഥതയിലുള്ള നൗറിൻ എന്ന ബോട്ടാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ചൂണ്ട ബോട്ട് അപ്പാടെ തകര്‍ന്നുപോയി. തെറിച്ച് കടലില്‍ വീണവരെ റോപ്പ് എറിഞ്ഞു കൊടുത്താണ് രക്ഷപ്പെടുത്തിയത്.
മുങ്ങിപ്പോയ ജോസിനെ പിന്നീട് കണ്ടെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.