സ്വദേശി സയൻസ് മൂവ്‌മെന്റും , സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റംസും ചേര്‍ന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), കോഴിക്കോട് വച്ച് ഡോ.സി.വി.രാമന്റെ 135 ആമത് ജന്മവാർഷികാഘോഷം സംഘടിപ്പിച്ചു.
എൻഐടി-കാലിക്കറ്റ് ഡയറക്ടർ ഡോ.പ്രസാദ് കൃഷ്ണ ഉദ്ഘാടനം നിര്‍വഹിച്ചു . ആദിശങ്കരാചാര്യരെ ഉദ്ധരിച്ചുകൊണ്ട് ശാസ്ത്രീയ സ്വഭാവമുള്ള ഒരു സമൂഹത്തിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിജ്ഞാന ഭാരതിയുടെ പ്രയത്‌നങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും സമഗ്രമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് ബഹുശാസ്‌ത്ര ശാസ്‌ത്രജ്ഞർക്കിടയിൽ അർത്ഥവത്തായ ഇടപെടൽ നടത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്‌തു. ഡോ. സി വി രാമൻ തന്റെ എല്ലാ കണ്ടുപിടുത്തങ്ങൾക്കും ഇന്ത്യൻ ലാബുകളാണ് ഉപയോഗിച്ചത് എന്നും ഇത് സൂചിപ്പിക്കുന്നത് ഇന്ത്യൻ വിദ്യാർത്ഥികൾക്കും യുവ ശാസ്ത്രജ്ഞർക്കും ദൃഢനിശ്ചയമുണ്ടെങ്കിൽ എന്തും നേടാനാകുമെന്നുമാണെന്ന്, പ്രൊഫ. പ്രസാദ് കൃഷ്ണ തന്റെ ഉത്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ വൈദ്യുതി ആവശ്യകത കൈവരിക്കുന്നതിന് സമൂഹത്തിലെ നാനാതുറകളിലുള്ളവരുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ.ത്രിപ്ത താക്കൂർ പറഞ്ഞു. സൈബർ സുരക്ഷ ഉൾപ്പെടെയുള്ള ഊർജ്ജ സുരക്ഷ, നെറ്റ് സീറോ കാർബൺ എമിഷൻ പോലുള്ള പാരിസ്ഥിതിക ആശങ്കകൾ, കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പുനരുപയോഗ ഊർജത്തിന്റെ പ്രായോഗിക സ്രോതസ്സുകൾക്കായുള്ള തിരച്ചില്‍ തുടങ്ങിയ വൈവിധ്യമാർന്ന പരിഗണനകളിൽ നിന്ന് വൈദ്യുതി മേഖലയ്ക്ക് ഒന്നിലധികം വെല്ലുവിളികളുണ്ട്. വ്യക്തിഗത തലത്തിൽ, ‘പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി’ എന്ന നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് നിരവധി അർത്ഥങ്ങളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വിജ്ഞാന ഭാരതിയുടെ ദക്ഷിണേന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ. അബ്ഗ ആർ. തന്റെ പ്രസംഗത്തിൽ സി വി രാമനെ യഥാർത്ഥ ‘സ്വദേശി’ ശാസ്ത്രജ്ഞനാണെന്ന് പരാമർശിക്കുകയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകി എന്നും കൂട്ടിച്ചേർത്തു. നിരീക്ഷണം, പരീക്ഷണം, ധൈര്യം, ആശയ വിനിമയം, ബോധ്യം എന്നിവയിലൂടെ സ്മരിക്കപ്പെടുന്ന ഏതൊരു ശാസ്ത്രജ്ഞനും മാതൃകയായ സർ സി വി രാമന്റെ ജീവിതത്തെയും നേട്ടങ്ങളെയും കുറിച്ച് സ്വദേശി സയൻസ് മൂവ്‌മെന്റ് കേരള പ്രസിഡന്റ് ഡോ. കെ.മുരളീധരൻ സംസാരിച്ചു. സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റം ചെയർപേഴ്‌സൺ പ്രൊഫ.ആർ.ശ്രീധരൻ സ്വാഗതവും എൻ.ഐ.ടി.-സി ഫിസിക്‌സ് വിഭാഗം പ്രൊഫ. ഡോ.രാം അജോർ മൗര്യ നന്ദിയും പറഞ്ഞു.