തിരുവനന്തപുരം: ഭാരതത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങളെ വി എസ് എസ് സി യാഥാര്‍ത്ഥ്യമാക്കിയെന്നും ശാസ്ത്രത്തെ ജനകീയ വത്കരിച്ചുവെന്നും കേന്ദ്ര ബഹിരാകാശ ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ.ജിതേന്ദ്രസിംഗ് പറഞ്ഞു. തിരുവനനന്തപുരത്ത് ഇസ്രോയുടെ റോക്കറ്റ് വിക്ഷേപണത്തിന്റെ അറുപതാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വളര്‍ച്ച ശാസ്ത്രത്തിലധിഷ്ഠിതമാണ്. ഭാരതം ബഹിരാകാശ ഗവേഷണ മേഖലയുടെ നേതൃപദവിയിലേക്കെത്തിയിരിക്കുകയാണ്. കുഞ്ഞന്‍ റോക്കറ്റില്‍ നിന്ന് ചന്ദ്രന്റെ ദക്ഷിണധ്രുവം കീഴടക്കുന്ന വിധത്തിലേക്ക് നാം വളര്‍ന്നു. ബഹിരാകാശ ഗവേഷണരംഗത്ത് ഇനിയും പുത്തന്‍ മാനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള കുതിപ്പിലാണ് ഐഎസ്ആര്‍ഒ. ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം പോലെ രാജ്യത്തെല്ലാപേരും ചര്‍ച്ച ചെയ്യുന്ന ചൂടേറിയ വിഷയമായി ബഹിരാകാശ ദൗത്യങ്ങള്‍ മാറി. ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ വിജയവും പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനവും ഒരേ വര്‍ഷം ഉണ്ടായത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത്തില്‍ അടുത്തകാലത്തായി നിരവധി ശാസ്ത്ര സംരംഭങ്ങള്‍ ആരംഭിച്ചു. ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇസ്രോ ആഗോളതലത്തില്‍ നല്‍കിയിട്ടുള്ള സംഭാവനകളെ തന്റെ ഔദ്യോഗിക വിദേശ യാത്രകള്‍ക്കിടയില്‍ വിദേശിയരായ ശാസ്ത്രജ്ഞരും നേതാക്കളും പ്രകീര്‍ത്തിക്കാറുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ബഹിരാകാശ രംഗത്തുമാത്രമല്ല മറ്റ് വികസിത മേഖലകളിലും ശാസ്ത്ര സാങ്കേതിക രംഗത്തും ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ അഭിമാനത്തോടെയാണ് മറ്റ് രാഷ്ട്രത്തലവന്മാര്‍ പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രോ ചെയര്‍മാന്‍ എസ്.സോമനാഥ് അധ്യക്ഷത വഹിച്ചു. ഗഗന്‍യാന്റെ ഭാഗമായ റോക്കറ്റിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും വരുന്ന ജനുവരിയില്‍ ഇതിന്റെ വിക്ഷേപണം പ്രതീക്ഷിക്കാമെന്നും എസ്. സോമനാഥ് പറഞ്ഞു. വിഎസ്‌സി ഡയറക്ടര്‍ ഡോ.എസ്.ഉണ്ണികൃഷ്ണന്‍ നായര്‍, ഐഐഎസ്ടി ചാന്‍സലര്‍ ഡോ.ബി.എല്‍.സുരേഷ്, മുന്‍ എസ്പിഎല്‍ ഡയറക്ടര്‍ പ്രൊഫ.ആര്‍.ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ അറുപതുവര്‍ഷത്തെ വിഎസ്എസ്‌സിയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.