ദോഹ :ഗാസയിലെ മാനുഷിക താൽക്കാലിക വിരാമം രണ്ട് ദിവസത്തേക്ക് കൂടി നീട്ടാൻ പലസ്തീൻ-ഇസ്രായേൽ ഭാഗങ്ങൾ ധാരണയിൽ എത്തിയതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു. ആ വ്യവസ്ഥകൾ വെടിനിർത്തലും മാനുഷിക സഹായത്തിന്റെ പ്രവേശനവുമാണ്. ഖത്തർ സ്റ്റേറ്റ്, അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്ത്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നിവ തമ്മിലുള്ള സംയുക്ത മധ്യസ്ഥതയുടെ ചട്ടക്കൂടിനുള്ളിലാണ് ധാരണയിലെത്തിയത്. വിരാമത്തിന്റെ നാലാം ദിവസത്തെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ഗാസയിലെ 11 ഇസ്രായേലി ബന്ദികൾക്ക് പകരമായി 33 ഫലസ്തീനികളെ വിട്ടയച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗാസയിൽ യുദ്ധം പൂർണമായും അവസാനിപ്പിക്കാനാണ് ഖത്തറിന്റെ ശ്രമമെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി. താൽക്കാലിക വെടിനിർത്തൽ എന്നതിനപ്പുറം, രാഷ്ട്രീയപരിഹാരത്തിലൂടെ പലസ്തീൻ ജനതക്ക് ശാശ്വത സമാധാനം ഉറപ്പാക്കുകയാണ് പ്രതിവിധി. ഇനിയൊരിക്കലും ഒരു ആക്രമണം ആവർത്തിക്കാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം -അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഹമാസ് ഓഫിസ് പ്രതിനിധികളുമായി ബന്ധപ്പെട്ടാണ് വെടിനിർത്തൽ ഉൾപ്പെടെ തങ്ങളുടെ ചർച്ചകൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ നേതൃത്വം ഗസ്സയിലെ ഹമാസുമായി കൂടിയാലോചിച്ച് വിവരങ്ങൾ കൈമാറുകയാണ് ചർച്ചയുടെ രീതി.
ഒക്ടോബർ ഏഴിന് ഹമാസ് നേതൃത്വത്തിൽ ഇസ്രായേലിലെ സിവിലിയൻസിനെതിരെ നടത്തിയ ആക്രമണത്തെ ഞങ്ങൾ ഉൾപ്പെടെ അപലപിച്ചിരുന്നുവെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പറഞ്ഞു.
എല്ലാ വിഭാഗക്കാരുടെയും ജീവൻ വിലപ്പെട്ടതാണ്. ഫലസ്തീനിയോ ഇസ്രായേലുകാരനോ യുക്രെയ്നിയനോ റഷ്യനോ എന്നതിനപ്പുറം എല്ലാവും മനുഷ്യരാണ് -ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പറഞ്ഞു