തിരുവനന്തപുരം: പാപ്പനംകോട് തുലവിളയില്‍ കാര്‍ സ്‌പെയര്‍ പാര്‍ട്സ് കടയ്ക്ക് തീപിടിച്ചു. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം.പാപ്പനംകോട് സ്വദേശി മണികണ്ഠന്റെ ശ്രീശാസ്‌താ സ്‌പെയര്‍ പാര്‍ട്സ് എന്ന കടയാണ് പൂര്‍ണമായും കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
രണ്ട് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തൊട്ടടുത്തുള്ള ശരവണ ടൂ വീലര്‍ വര്‍ക്ക് ഷോപ്പിലും ഭാഗികമായി തീപിടിച്ചു. മണികണ്ഠൻ പതിവുപോലെ കടപൂട്ടി ഇറങ്ങിയശേഷമാണ് സംഭവം. തൊട്ടടുത്ത കടയിലുള്ളവരാണ് സംഭവമറിഞ്ഞ് ചെങ്കല്‍ച്ചൂള ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് രണ്ട് യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നാട്ടുകാര്‍ കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച ശേഷം തീ കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. സമീപത്തെ പ്രൊവിഷൻ സ്റ്റോറിൽ തീപിടിത്തത്തിന്റെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് പാളികള്‍ ഇളകി. തീപിടിത്തമുണ്ടായ കടയ്ക്ക് സമീപത്തെ കെട്ടിടത്തില്‍ ഭാരത് ഗ്യാസിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു.തീപിടിത്തമുണ്ടായ ഉടനെ ഗ്യാസ് സിലിണ്ടറുകള്‍ മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.