പാലക്കാട്: കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ നാലുവയസുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. വണ്ണാമല സ്വദേശി മധുസൂദനന്റെയും ആതിരയുടെയും മകന്‍ റിത്വിക് ആണ് മരിച്ചത്. സംഭവം നടന്ന വീട്ടില്‍ നിന്നു മധുസൂദനന്റെ ബന്ധുവായ യുവതിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൃത്യത്തെ കുറിച്ച് കൊഴിഞ്ഞാമ്പാറ പൊലീസ് പറയുന്നത്: മരിച്ച കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയത്. സ്വയം മുറിവേല്‍പ്പിച്ച മധുസൂദനന്റെ ചേട്ടന്‍ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസിനെ (29) സാരമായ പരുക്കുകളോടെ തൃശ്ശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. ബന്ധുക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയം നോക്കിയായിരുന്നു കൊലപാതകം. കുട്ടിയുടെ മാതാപിതാക്കള്‍ പുറത്ത് പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും ദീപ്തിയെ കൈഞരമ്പ് അറുത്ത നിലയിലും കണ്ടെത്തിയത്. ദീപ്തി ദാസ് മാനസികാരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.