മാനന്തവാടി: കുഴിനിലം ചെക്ക് ഡാമിനു സമീപം സ്കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.വിമലനഗര്‍ പുത്തൻപുരയ്ക്കല്‍ വീട്ടില്‍ പി.വി. ബാബു (38), കുഴിനിലം കോട്ടായില്‍ വീട്ടില്‍ കെ.ജെ. ജോബി (39) എന്നിവരെയാണ് മാനന്തവാടി സി.ഐ എം.എം. അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കണിയാരം ഫാ. ജി.കെ.എം ഹയര്‍ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുഴിനിലം അടുവാൻകുന്ന് കോളനിയിലെ അഭിജിത്താണ് (14) മരിച്ചത്. അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കാൻ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്.സംഭവം അറിഞ്ഞയുടൻ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് മാനന്തവാടി പൊലീസ് കേസെടുത്തിരുന്നു.