ഓണ്‍ലൈന്‍ റമ്മി കളിക്കാനുള്ള പണത്തിനായി വൃദ്ധയുടെ സ്വര്‍ണ്ണമാല കവര്‍ന്ന യുവാവ് പൊലീസ് പിടിയില്‍. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത് .ചെങ്ങന്നൂര്‍ മുത്തൂറ്റില്‍ മാല പണയം വെച്ച് പണം എടുത്തതായി പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഈ മാസം 23ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പത്തനംതിട്ട നെടിയകാല സ്വദേശി 87 വയസ്സുള്ള സരസമ്മയുടെ മാലയാണ് പ്രതി കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി കവര്‍ന്നത്.
സമീപത്ത് സഞ്ചയന ചടങ്ങ് നടന്നിരുന്നതിനാല്‍ അയല്‍പക്കത്ത് ആളുകള്‍ ഉണ്ടായിരുന്നില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരു യുവാവ് സ്‌കൂട്ടറില്‍ കടന്നു പോകുന്നതായി കണ്ടെത്തി. ഇതേ സ്‌കൂട്ടറുമായി യുവാവ് ഇതിനുമുമ്ബും ഈ വഴി സഞ്ചരിച്ചിരുന്നതായി പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു.തുടര്‍ന്ന് ഇലവുംതിട്ട പൊലീസ് നടത്തിയ അന്വേഷണത്തില്‍ വട്ടയത്ത് വാടകയ്ക്ക് താമസിക്കുന്ന അമല്‍ അഗസ്റ്റിനെ കണ്ടെത്തുകയായിരുന്നു.