പുല്‍പള്ളി: വനാതിര്‍ത്തി ഗ്രാമങ്ങളിലെ കന്നുകാലികളുടെ ജീവന് ഭീഷണി ഉയര്‍ത്തി ചെള്ളുപനി വ്യാപിക്കുന്നു.പഞ്ചായത്തിലെ ചേകാടിയിലും വെളുകൊല്ലിയിലുമായി നാലു പശുക്കള്‍ രോഗം ബാധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തു.വെളുകൊല്ലി ചന്ദ്രാലയം അനന്തപ്രകാശിന്റെ രണ്ടു പശുക്കളാണ് അടുത്തടുത്ത ദിവസങ്ങളില്‍ ചെള്ളുപനി ബാധിച്ച് ചത്തത്. ആറുമാസം ഗര്‍ഭാവസ്ഥയിലുള്ള പശുക്കളാണിവ. രോഗലക്ഷണം കണ്ടപ്പോള്‍ വെറ്ററിനറി ഡോക്ടറെ വീട്ടിലേക്ക് കൊണ്ടുവന്ന് പശുക്കളെ കാണിച്ചിരുന്നു. മരുന്ന് കൊടുത്തെങ്കിലും തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഇവ ചത്തു.
ചേകാടിയിലും ഇത്തരത്തില്‍ രണ്ടു പശുക്കള്‍ ചത്തിട്ടുണ്ട്. വനാതിര്‍ത്തി പ്രദേശങ്ങളിലെ സാധാരണക്കാരായ കര്‍ഷകര്‍ പശുക്കളെ ഇൻഷൂര്‍ ചെയ്തിട്ടുമില്ല. ഇക്കാരണത്താല്‍ ഇവരുടെ ജീവിതമാര്‍ഗം നിലക്കുമെന്ന സ്ഥിതിയാണ്.