വിഴിഞ്ഞം : അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് കൊണ്ടുവന്ന് ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരുന്ന ടഗ്ഗുകളില്‍ നിന്നും ബാര്‍ജുകളില്‍ നിന്നും ഡീസല്‍ ഊറ്റിയ സംഘത്തിലെ നാല് പേര്‍ പിടിയില്‍.മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. 35 ലിറ്റര്‍ വീതം കൊള്ളുന്ന 57 കന്നാസുകളിലായി രണ്ടായിരം ലിറ്റര്‍ ഡീസല്‍ പൊലീസ് പിടികൂടി. മോഷ്ടിച്ച ഇന്ധനം കരയില്‍ എത്തിക്കാന്‍ കൊണ്ടുവന്ന ഫൈബര്‍ ബോട്ടും കടത്താന്‍ ശ്രമിച്ച പിക്കപ്പ് വാനും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.വിഴിഞ്ഞം കോട്ടപ്പുറം കരയടി വിളയില്‍ ദിലീപ് (32) , കോട്ടപ്പുറത്ത് നിന്ന് മുല്ലൂര്‍ സുനാമി ക്കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന റോബിന്‍ (37), കോട്ടപ്പുറം തുലവിള ജീവാ ഭവനില്‍ ശ്യാം (24) , മുക്കോല കാഞ്ഞിരംവിളയില്‍ ഷിജിന്‍ (21 ), എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. പിക്കപ്പ് വാന്‍ ഡ്രൈവര്‍ വിഴിഞ്ഞം സ്വദേശി റോബിനും മറ്റ് രണ്ട് പേരും രക്ഷപ്പെട്ടതായി പോലീസ് പറയുന്നു.ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.