കാഞ്ഞങ്ങാട്: കട കുത്തിത്തുറന്ന് 42,430 രൂപയുടെ ചോക്ലേറ്റ് മോഷ്ടിച്ച കേസില്‍ മൂന്നുപേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റു ചെയ്തു.നാലംഗ മോഷണ സംഘത്തിലെ ഒരാള്‍ ഗോവയിലേക്കു കടന്നു. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ ഫസല്‍ റഹ്‌മാൻ (19), ബി. വിവിഷ് (19), കാഞ്ഞങ്ങാട് തീരദേശ ഗ്രാമത്തിലെ 17-കാരൻ എന്നിവരെയാണ് എസ്‌ഐ. വി.പി. അഖില്‍ അറസ്റ്റു ചെയ്തത്. സംഘത്തിലെ നാലാമൻ ആസിഫ് (23) ആണ് ഗോവയിലേക്കു കടന്നത്.ജനുവരി 14-നാണ് കോട്ടച്ചേരിയിലെ മൊണാർക്ക് എന്റർപ്രൈസസില്‍നിന്ന് അരലക്ഷത്തോളം രൂപ വിലയുള്ള ചോക്ലേറ്റ് മോഷ്ടിച്ചത്.ചോക്ലേറ്റിനു പുറമെ മേശവലിപ്പിലുണ്ടായിരുന്ന 1680 രൂപയും മോഷണം പോയിരുന്നു. ഇവരില്‍ ഫസല്‍ റഹ്‌മാൻ ഒഴികെയുള്ള മൂന്നുപേർ ചേർന്ന് കാഞ്ഞങ്ങാട്ടെ ഐസ്‌ക്രീം ഗോഡൗണില്‍ നേരത്തെ കവർച്ച നടത്തിയതായും തെളിഞ്ഞു.