ഫാക്ടറിയിലെ വിഷപ്പുക ശ്വസിച്ച് തൊഴിലാളികള്‍ ആശുപത്രിയില്‍. പാലക്കാട് കഞ്ചിക്കോട് ഉള്ള സ്വകാര്യ വസ്ത്ര നിര്‍മ്മാണ സ്ഥാപനത്തിലെ ജീവനക്കാരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.കമ്പനി അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് കസബ പോലീസ് അറിയിച്ചു. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഗസ്ത്യന് ടെക്സ്റ്റൈല്‍ കളഴ്സ് എന്ന സ്ഥാപനത്തിലാണ് സംഭവം.ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്ഥാപനത്തില്‍ വിഷ പുക ചോര്‍ന്നത്. ഇതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ട 10 തൊഴിലാളികളെ യാക്കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ പ്രശ്നം കാരണം ഇന്നലെ മറ്റു രണ്ടുപേരെയും. ഇന്ന് രാവിലെ എട്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡൈയിങ് യൂണിറ്റില്‍ നിന്നുള്ള മലിനജലം ഒഴുകുന്ന ഓവു ചാലില്‍ നിന്നുമാണ് വാതകമുയര്ന്നതെന്ന് സ്ഥാപന അധികൃതര്‍ പറയുന്നു.