ദോഹ: ഹയാ വിസ വഴി ഖത്തറിലേക്ക് വരാനുള്ള കാലാവധി അവസാനിച്ചു. ഹയാ വിസയില്‍ രാജ്യത്തുള്ളവര്‍ക്ക് ഫെബ്രുവരി 24 വരെ തുടരാം. അതേ സമയം ടൂറിസ്റ്റ് വിസകളായ ഹയാ എ വണ്‍, എ ടു, എ ത്രീ വിസകള്‍ തുടരും.
ലോകകപ്പ് ഫുട്ബോള്‍ സമയത്ത് വിദേശികള്‍ക്ക് ഖത്തറിലേക്കുള്ള ഏക പ്രവേശന മാര്‍ഗമായിരുന്നു ഹയാ വിസ. ലോകകപ്പിന് പിന്നാലെ വിനോദ സഞ്ചാര സാധ്യതകള്‍ മുന്‍ നിര്‍ത്തി ആദ്യം കഴിഞ്ഞ ജനുവരി 24 വരെയും പിന്നീട് ഏഷ്യന്‍ കപ്പിനായി ഫെബ്രുവരി 24 വരെയും വിസ കാലാവധി നീട്ടി.
എന്നാല്‍ ഈ വിസയില്‍ ഖത്തറിലേക്ക് പ്രവേശിക്കാനുള്ള സമയപരിധി ഫെബ്രുവരി 10 വരെയാണ് നിശ്ചയിച്ചിരുന്നത്. ഹയ്യാ, ഹയ്യാ വിത്ത് മി വിസയില്‍ ഖത്തറില്‍ വന്നര്‍ ഫെബ്രുവരി 24നകം മടങ്ങണം. അല്ലാത്ത പക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.