ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ ഗള്‍ഫ് സന്ദർശനത്തിന് ചൊവ്വാഴ്ച പുറപ്പെടും. ചൊവ്വ, ബുധൻ ദിവസങ്ങളില്‍ യു.എ.ഇയില്‍; ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഖത്തറില്‍.യു.എ.ഇയില്‍ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാനുമായി ഉഭയകക്ഷി സംഭാഷണം നടത്തും. വൈസ് പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആല്‍ മഖ്തൂമിനെയും കാണുന്നുണ്ട്. അബൂദബിയിലെ ആദ്യ ഹിന്ദുക്ഷേത്രമായ ബി.എ.പി.എസ് മന്ദിർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അബൂദബിയിലെ സായിദ് സ്പോർട്സ് സിറ്റിയില്‍ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. ദുബൈയില്‍ വേള്‍ഡ് ഗവണ്‍മെന്‍റ് ഉച്ചകോടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എട്ടു മാസങ്ങള്‍ക്കിടയില്‍ മോദി നടത്തുന്ന മൂന്നാമത്തെ യു.എ.ഇ സന്ദർശനമാണിത്.