വെന്നിയൂർ : ജി എം യു പി സ്കൂൾ വെന്നിയൂരിലെ പ്രീപ്രൈമറി വിഭാഗത്തിലെ എൽ കെ ജിയിൽ നടത്തിയ ഏകദിന അഡ്മിഷ നിൽ വൻ വർദ്ധനവ് . അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷനിൽ ആണ് വലിയ വർധനവുണ്ടായത് .രാവിലെ എട്ട് മണി മുതൽ തന്നെ രക്ഷിതാക്കളും കുട്ടികളും അഡ്മിഷനു വേണ്ടി ക്യൂ നിന്നിട്ടും പലർക്കും അഡ്മിഷൻ ലഭിച്ചില്ല .പിടിഎ നടത്തുന്ന പ്രീപ്രൈമറി വിഭാഗത്തിൽ ഒരു റെക്കമെൻ്റും സ്വീകരിക്കാതെ ടോക്കൺ സിസ്റ്റം ഏർപ്പെടുത്തിയതിനാൽ നേരത്തെ വന്നവർ അഡ്മിഷൻ ഉറപ്പിച്ചു .ഒരു ഗവൺമെൻറ് വിദ്യാലയത്തിൽ അഡ്മിഷന് വേണ്ടി രാവിലെതന്നെ ക്യൂ നിൽക്കുന്നത് വേറിട്ട കാഴ്ചയായി മാറി. കഴിഞ്ഞവർഷം ആകെയുള്ള 105 സീറ്റിലേക്ക് അഡ്മിഷൻ നടത്തിയപ്പോൾ രണ്ടു പേർ മാത്രമാണ് അഡ്മിഷൻ കിട്ടാതെ പോയതെങ്കിൽ ഇത്തവണ മുപ്പതിലധികം പേർ അഡ്മിഷൻ കിട്ടാതെ പുറത്തുപോയി. ഏകദിന അഡ്മിഷൻ്റെ വിവരം അറിയാത്ത രക്ഷിതാക്കളും
വിളിച്ചു കൊണ്ടേയിരിക്കുന്നു. ക്ലാസ് മുറികളുടെ കുറവാണ് കൂടുതൽ കുട്ടികളെ ചേർക്കാൻ പ്രതിസന്ധി ആയത് .ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി 1630 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 51 ക്ലാസ് മുറികൾ ആവശ്യമുള്ളിടത്ത് കേവലം 35 ക്ലാസ് മുറികൾ മാത്രമാണ് നിലവിലുള്ളത്. ഓരോ ക്ലാസിലും അൻപതിൽ കൂടുതൽ കുട്ടികൾ തിങ്ങി ഇരുന്നു പഠിക്കുന്നു. സർക്കാർ നാല് കോടി ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന 18 ക്ലാസ് മുറികളുള്ള കെട്ടിടം ടെൻറർ ആയത് ഒരു ആശ്വാസം ആയി രിക്കുകയാണ്. പൊതു വിദ്യാലയ സംരക്ഷണ യജ്ഞ ത്തിൻറെ ഭാഗമായി ഗവൺമെൻറ് വിദ്യാലയങ്ങൾക്ക് വന്ന ഉണർവും അടുത്തകാലത്ത് നടത്തിക്കൊണ്ടിരുന്ന അക്കാദമിക പ്രവർത്തനങ്ങളും ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെ ഉയർന്ന നിലവാരവും ആണ് പ്രൈവറ്റ് വിദ്യാലയങ്ങളിൽ നിന്ന് മാറ്റി ഗവൺമെൻറ് വിദ്യാലയങ്ങളിലേക്ക് കുട്ടികളെ ചേർക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ചതെന്ന് ഹെഡ്മാസ്റ്റർ ഐ. സലീം പറഞ്ഞു. അഡ്മിഷൻ കിട്ടാതെ പുറത്തു പോയവർക്കുവേണ്ടി പിടിഎ കമ്മിറ്റി സ്വന്തം ചെലവിൽ പുതിയ ക്ലാസ് മുറികൾ ഈ മാസം തന്നെ ഉണ്ടാക്കുമെന്ന് പിടിഎ പ്രസിഡണ്ട് അസീസ് കാരാട്ടുംഎസ് എം സി ചെയർമാൻ മജീദും പറഞ്ഞു.