തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവമെടുക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ യുവതിയെ ചികിത്സിച്ചത് തട്ടിപ്പുകാരെന്ന് സംശയം.പാലക്കാട് സ്വദേശി ഷമീറ ബീവിയും (36) കുഞ്ഞുമാണ് മരിച്ചത്. ഷമീറയോട് സംസാരിക്കാനും മറ്റും ആശ വർക്കർമാരെ ഭർത്താവ് നയാസ് അനുവദിച്ചില്ലെന്നും അവരോട് മോശമായി പെരുമാറിയെന്നും അയല്‍വാസികള്‍ പറയുന്നു.
ഒരുമാസം മുൻപ് ഷമീറ അസുഖബാധിതയായപ്പോള്‍ അയല്‍ക്കാർ അറിയിച്ചതനുസരിച്ച് ആദ്യഭാര്യയും മകളുമെത്തി കൊണ്ടുപോയെന്നും തിരികെയെത്തിയതിനുശേഷം യുവതി ആരുമായും സംസാരിക്കില്ലായിരുന്നുവെന്നും അയല്‍ക്കാർ പറയുന്നു. ആശ വർക്കർമാർ എത്തിയപ്പോള്‍ നയാസ് അവരെ ശകാരിച്ചു. തന്റെ ഭാര്യയെനോക്കാൻ തനിക്കറിയാമെന്നും അതില്‍ അയല്‍ക്കാരും ആശ വർക്കർമാരും ഇടപടേണ്ടെന്നും പറഞ്ഞു. അക്യുപംഗ്‌ചർ ചികിത്സയാണ് നല്‍കുന്നതെന്നും പറഞ്ഞു. രണ്ടുമൂന്ന് ദിവസം കാറില്‍ ഒരു സ്‌ത്രീയും പുരുഷനും വരുന്നത് കണ്ടിരുന്നുവെന്നും അയല്‍ക്കാർ മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.
അക്യുപംഗ്‌ചർ ചികിത്സയിലൂടെ ഭാര്യ പ്രസവിക്കട്ടെയെന്ന് നയാസ് പറഞ്ഞതായി മറ്റൊരു അയല്‍വാസിയും വെളിപ്പെടുത്തി. നയാസ് ചികിത്സ നിഷേധിച്ചതാണ് മരണകാരണമെന്നും അയല്‍വാസി പറഞ്ഞു. ആദ്യ പ്രസവങ്ങള്‍ നെടുമങ്ങാട് വച്ചായിരുന്നു നടന്നത്. അപ്പോഴും ഭർത്താവ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നില്ല. നാട്ടുകാരാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഉപേക്ഷിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ഷമീറ ആശുപത്രിയില്‍ പോകാത്തതെന്നുംഅയല്‍വാസി പറഞ്ഞു.