ശമ്പളം കൊടുക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രി ഭരണം രാജ്ഭവനെ ഏല്പിക്കണം’ – ഫെറ്റോ

തിരുവനന്തപുരം : ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷൻകാരുടെ പെൻഷനും കൊടുക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രി ഭരണം രാജ്ഭവനെ ഏല്പിക്കണമെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് (ഫെറ്റോ) സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് ഗോപകുമാർ ആവശ്യപ്പെട്ടു.
ശമ്പളവും പെൻഷനും മുടങ്ങിയ നാലാം ദിവസം ഫെറ്റോ ആഹ്വാനം ചെയ്ത സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിലാദ്യമായാണ് ജീവനക്കാർക്ക് ശമ്പളവും പെൻഷൻകാർക്ക് പെൻഷനും ഒന്നാം തീയതി കൊടുക്കാൻ കഴിയാത്ത സാഹചര്യം സംസ്ഥാനത്തുണ്ടായത്. പിണറായി സർക്കാരിൻ്റെ സമ്പൂർണ്ണ പരാജയമാണ് ഇത് കാണിക്കുന്നത്.
സർക്കാരിൻ്റെ വാക്ക് വിശ്വസിച്ച കർഷകരും ക്ഷേമ പെൻഷൻ ലഭിച്ചുകൊണ്ടിരുന്ന വൃദ്ധരും നാൾക്കുനാൾ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ്.
പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ സമ്പൂർണ്ണമായി പരാജയപ്പെട്ട സർക്കാർ സപ്ലൈകോയിലെ സബ്സിഡി വെട്ടിക്കുറച്ച് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കി. ഒടുവിൽ ജീവനക്കാരുടെ വേതനവും നിഷേധിച്ചതിലൂടെ സംസ്ഥാനത്ത് ഭരണസ്തംഭനം പരിപൂർണ്ണമായിരിക്കുകയാണ്. ജീവനക്കാരുടെ ശമ്പളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് കുടുംബാംഗങ്ങൾ മാത്രമല്ല; പാൽക്കാർ, പത്രക്കാർ, പലചരക്ക്,
പച്ചക്കറി കച്ചവടക്കാർ, മെഡിക്കൽ സ്റ്റോറുകാർ, ട്യൂഷൻ അധ്യാപകർ തുടങ്ങി സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗക്കാരാണ് ജീവനക്കാരുടെ ശമ്പളത്തിൻ്റെയും പെൻഷൻകാരുടെ പെൻഷൻ്റെയും ഏറിയ പങ്കിൻ്റെയും ഗുണഭോക്താക്കൾ. മുപ്പത് ദിവസം ജോലിചെയ്ത ശേഷം കൂലി കിട്ടാൻ തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് കേരളത്തിൽ മാത്രമാണ്. ഭരണമെന്നാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരിവാരങ്ങൾക്കും മാത്രം ആഡംബര സൗകര്യം ഒരുക്കലല്ലെന്നും പി എസ് ഗോപകുമാർ കുറ്റപ്പെടുത്തി.ഫെറ്റോ ജില്ലാ പ്രസിഡണ്ട് എസ്. വിനോദ്കുമാർ അധ്യക്ഷനായി. കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന പ്രസിഡണ്ട് ബി. മനു, എൻ ജി ഒ സംഘ് സംസ്ഥാന സെക്രട്ടറി പ്രദീപ് പുള്ളിത്തല, ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി എസ്. അരുൺ കുമാർ,
പി എസ് സി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. ഹരികൃഷ്ണൻ, പെൻഷണേഴ്സ് സംഘ് ജില്ലാ പ്രസിഡണ്ട് ജയകുമാർ കൈപ്പള്ളി എന്നിവർ അഭിവാദ്യമർപ്പിച്ചു.
സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി ടി ഐ അജയകുമാർ സ്വാഗതവും
ഫെറ്റോ സംസ്ഥാന ട്രഷറർ സി കെ ജയപ്രസാദ് നന്ദിയും പറഞ്ഞു. അയ്യങ്കാളി ഹാളിന് സമീപത്തുനിന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രകടനവും നടന്നു. പ്രകടനത്തിന് ജില്ലാ നേതാക്കളായ എ അരുൺകുമാർ, ജി ഹരികുമാർ, ബി ജി സതിഷ്കുമാർ, സന്തോഷ് അമ്പറത്തലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

11 + two =