കൊച്ചി: ഫോർട്ട്കൊച്ചിയില്‍ തകരാറിലായ ട്രാൻസ്ഫോർമറുകളുടെ അറ്റകുറ്റപണിക്കിടെ തീ ഉയർന്ന് കെ.എസ്.ഇ.ബിയുടെ കരാർ വാഹനമായ മിനി വാൻ കത്തി നശിച്ചു.വെള്ളിയാഴ്ച പുലർച്ചെ അഞ്ചരക്ക് ഫോർട്ട്കൊച്ചി വൈ.എം.സി.എ റോഡിലുള്ള ട്രാൻസ്ഫോർമറാണ് ആദ്യം തകരാറിലായത്.വൈദ്യുതി ഉപഭോഗംകൂടിയതിനെ തുടർന്ന് ലോഡ് താങ്ങാനാകാതെയാണ് ട്രാൻസ്ഫോർമറുകള്‍ തകരാറിലായത് .ജീവനക്കാർ എത്തി അറ്റകുറ്റപ്പണികള്‍ തീർത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും ശനിയാഴ്ച രാത്രി പത്തോടെ വീണ്ടും ഈ ട്രാൻസ്ഫോർമർ തകരാറിലായി. വീണ്ടും തകരാർ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ ഫോർട്ട്കൊച്ചി ചിരട്ടപ്പാലം കിറ്റ്കാറ്റ് റോഡിലുള്ള ട്രാൻസ്ഫോർമറും തകരാറിലായി.ഇത് ശരിയാക്കി ചാർജ് ചെയ്യുന്നതിനിടെ ഓയിലും തീപ്പൊരിയും പുറത്തേക്ക് വന്ന് തീപിടുത്തമുണ്ടാകുകയും ട്രാൻസ്ഫോർമറിന് സമീപം നിർത്തിയിട്ടിരുന്ന കെ.എസ്.ഇ.ബിയുടെ കരാർ വാഹനത്തിന് തീ പിടിക്കുകയും കത്തിനശിക്കുകയുമായിരുന്നു .ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. മട്ടാഞ്ചേരിയില്‍നിന്ന് എത്തിയ അഗ്നിരക്ഷ സേന ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്.