തിരുവനന്തപുരം : കാലടിയിൽ പോസ്റ്ററിൽ ചാരിനിന്ന പതിനാലുകാരനെ മർദിച്ച ബി.ജെ.പി നേതാവിനെതിരെ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ. രാഷ്ട്രീയ പ്രവർത്തകർ കുട്ടികളെ ആക്രമിക്കുന്നതു തെറ്റാണെന്നും പോലീസിനോടും ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും റിപ്പോർട്ട് തേടുമെന്നും കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ്കുമാർ പറഞ്ഞു. മർദനമേറ്റ കുട്ടിയെ വീട്ടിലെത്തി സന്ദർശിച്ചശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞായറാഴ്ചയായിരുന്നു കുട്ടിയെ ആക്രമിച്ചത്.‘രാഷ്ട്രീയ പ്രവർത്തകർ എല്ലാ ജനങ്ങളുടെയും അഭയകേന്ദ്രം ആകേണ്ടവരാണ്. അത്തരമാളുകൾ ഒരു കൊച്ചുകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും ശരിയല്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം. കമ്മീഷൻ സ്വമേധയാ ഇക്കാര്യത്തിൽ കേസെടുക്കും. പോലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെടും.